മനാമ: ഐ.വൈ.സി.സി ബഹ്‌റൈന്‍ യൂത്ത് ഫെസ്റ്റിനോട് അനുബന്ധിച്ച് ഗള്‍ഫ് മേഖലയില്‍ നിസ്വാര്‍ത്ഥമായ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിക്ക് നല്‍കി വരുന്ന ഷുഹൈബ് പ്രവാസി മിത്ര പുരസ്‌ക്കാരം-2025 പ്രഖ്യാപിച്ചു. ബഹ്‌റൈന്‍ പ്രവാസലോകത്ത് നിശബ്ദ സേവനം നടത്തി, വര്‍ഷങ്ങളായി സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്കായി നിസ്വാര്‍ഥമായി സേവനം അനുഷ്ടിക്കുന്ന വേണു വടകരയാണ് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത്.
സാമൂഹിക പ്രവര്‍ത്തന മേഖലയില്‍ നിറ സാന്നിധ്യമായി കണ്ണൂര്‍, മട്ടന്നൂര്‍ മേഖലകളില്‍ പ്രവര്‍ത്തനം നടത്തുകയും, മട്ടന്നൂര്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായിരുന്ന ധീര രക്ത സാക്ഷി ഷുഹൈബ് എടയന്നൂര്‍ സ്മരണാര്‍ത്ഥമാണ് ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം നല്‍കിവരുന്നത്. അദ്ദേഹം മുന്‍ പ്രവാസി ആയിരുന്നു.
നാട്ടിലേയും വിദേശത്തേയും കാരുണ്യ, സാമൂഹിക വിഷയങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമാണ് വേണു വടകര. പ്രത്യേകിച്ച് നോര്‍ക്കയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും പ്രവാസി ക്ഷേമനിധി അംഗത്വം ചേര്‍പ്പിക്കല്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് എത്തിക്കല്‍ തുടങ്ങിയവയില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം ശ്രദ്ധേയവും നിര്‍ണായകവുമാണ്.
അഷ്‌റഫ് താമരശ്ശേരി, ശിഹാബ് കൊട്ടുകാട്, ബഷീര്‍ അമ്പലായി, മനോജ് വടകര, സാബു ചിറമേല്‍ എന്നിവര്‍ക്കാണ് ഈ അവാര്‍ഡ് നേരത്തെ നല്‍കിയത്. 2025 ജൂണ്‍ 27ന് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വച്ച് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും, ഗായകന്‍ ഹനാന്‍ ഷാ ഉള്‍പ്പെടെയുള്ളവരും പങ്കെടുക്കുന്ന പത്താമത് യൂത്ത് ഫെസ്റ്റ് 2025 വേദിയില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ്, യൂത്ത് ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ജിതിന്‍ പരിയാരം എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.