മനാമ: മിഡിൽ ഈസ്റ്റിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടിയായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം.
അംഗീകൃത ദേശീയ പദ്ധതി പ്രകാരം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സജീവമാക്കാൻ പൊതു, സ്വകാര്യ കിന്റർഗാർട്ടനുകൾ, സ്‌കൂളുകൾ, സർവകലാശാലകൾ എന്നിവയുൾപ്പെടെ ബഹ്‌റൈനിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് വിദ്യാഭ്യാസത്തിന്റെ തുടർച്ച ഉറപ്പാക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ഡിജിറ്റൽ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സഹായം ആവശ്യമുള്ള സ്ഥാപനങ്ങൾ നിലവിലുള്ള ഔദ്യോഗിക ആശയവിനിമയ മാർഗങ്ങൾ വഴി മന്ത്രാലയവുമായോ ഉന്നത വിദ്യാഭ്യാസ കൗൺസിലുമായോ ബന്ധപ്പെടാൻ നിർദേശിച്ചിട്ടുണ്ട്.