മനാമ: കോട്ടയം ഗവ. മെഡിക്കല്‍ കോളെജിലെ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ ഐവൈസിസി ബഹ്റൈന്‍ ശക്തമായ ദുഖം രേഖപ്പെടുത്തി. മകളുടെ ചികിത്സക്കായെത്തിയ തലയോലപ്പറമ്പ് ഉമ്മന്‍കുന്ന് മേപ്പത്ത് കുന്നേല്‍ ഡി ബിന്ദുവാണ് മരിച്ചത്. തകര്‍ന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍പ്പെട്ട ബിന്ദുവിനെ രണ്ടര മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. അപകടത്തില്‍ ഒരുകുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു.
തകര്‍ന്നുവീണ കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു പോലീസിന്റെയും അധികൃതരുടെയും പ്രാഥമിക നിഗമനം. എന്നാല്‍, അമ്മയെ കാണാനില്ലെന്ന് ബിന്ദുവിന്റെ മകള്‍ പരാതിപ്പെട്ടതോടെയാണ് വിശദമായ പരിശോധന ആരംഭിച്ചത്. ഈ അനാസ്ഥക്ക് ആരോഗ്യ മന്ത്രി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഒന്നടങ്കം ഉത്തരവാദികളാണ്. മറ്റൊരു പ്രമുഖ ഡോക്ടര്‍ കേരളത്തിലെ ആരോഗ്യ മേഖലയില്‍ നടക്കുന്ന അനാസ്ഥകളും ഉത്തരവാദിത്തമില്ലായ്മയും ചൂണ്ടിക്കാണിച്ച് ഈയിടെയാണ് രംഗത്തുവന്നത്.
കേരളം വിദേശ മേഖലകളിലെ ആരോഗ്യ രംഗവുമായി കിടപിടിക്കുന്നു എന്ന് പറഞ്ഞു നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇല്ലാ വചനം വീണ്ടും പറയാതെ അനാസ്ഥകള്‍ അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്തം നിര്‍വ്വഹിക്കണം. അത് മുഖ്യമന്ത്രിയുടെ ചുമതലയാണ്. ഇത്തരം വിഷയങ്ങള്‍ അടിക്കടി ഉണ്ടാവുന്നതില്‍ സംഘടന നടുക്കം രേഖപ്പെടുത്തി.
ആരോഗ്യ മന്ത്രി ഉള്‍പ്പെടെയുള്ള ആരോഗ്യ വകുപ്പിന്റെ മുഴുവന്‍ അനാസ്ഥയുടെ ഭാഗമായി ഒരാള്‍ രക്തസാക്ഷി ആയതടക്കം, സംഭവിച്ച വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി മന്ത്രി രാജി വെക്കണമെന്ന് ഐവൈസിസി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ് ആവിശ്യപ്പെട്ടു.