മനാമ: ബഹ്‌റൈനിലെ ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ചെലവുകള്‍ നിരീക്ഷിക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതായി അധികൃതര്‍. വീട്ടുജോലിക്കാരെ നിയമിക്കുന്നതിനുള്ള ചെലവുകളില്‍ സുതാര്യതയും നിയന്ത്രണവും കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നത്.
റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നടപടിക്രമങ്ങളും ട്രാക്ക് ചെയ്യാന്‍ പ്ലാറ്റ്ഫോം സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിന് ഏജന്‍സികള്‍ ഈടാക്കുന്ന വലിയ തുകകളില്‍ നിയന്ത്രണം കൊണ്ടുവരണമെന്ന ശൂറാ കൗണ്‍സിലിന്റെ നിര്‍ദേശത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
ചെലവ് കൂടുന്നതിന് കാരണം വ്യക്തമാക്കാന്‍ ഏജന്‍സികളോട് ആവശ്യപ്പെടാന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയെ നേരത്തേ ചുമതലപ്പെടുത്തിയിരുന്നു. റിക്രൂട്ട്‌മെന്റ് ചെലവില്‍ അന്യായമായ വര്‍ധന കണ്ടെത്തിയാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, റിക്രൂട്ട്മെന്റ് ഓഫീസുകള്‍ ഓഡിറ്റ് ചെയ്ത സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ പതിവായി നല്‍കുന്നതിന്റെ സാധ്യതയും സര്‍ക്കാര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ, തൊഴിലാളികളെ അയയ്ക്കുന്ന രാജ്യങ്ങളുമായി ധാരണാപത്രങ്ങളില്‍ ഒപ്പുവെക്കാനും ബഹ്റൈന്‍ ആലോചിക്കുന്നുണ്ട്. ഈ കരാറുകള്‍ റിക്രൂട്ട്മെന്റ് ചെലവ് കുറയ്ക്കാനും തൊഴിലാളികളെ നേരിട്ട് നിയമിക്കുന്ന പ്രക്രിയ കാര്യക്ഷമമാക്കാനും സഹായിക്കും.