മനാമ: കേരള മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ജൂലൈ 18-ന് ഇന്ത്യന്‍ ഡിലൈറ്റ്‌സ് ഹാള്‍, സല്‍മാനിയയില്‍ വെച്ചാണ് പരിപാടി ക്രമീകരിച്ചിക്കുന്നത്.
ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും അനുസ്മരിക്കുന്ന വിവിധ പ്രഭാഷണങ്ങളും പുഷ്പാര്‍ച്ചനയും സമ്മേളനത്തില്‍ ഉണ്ടാകും. അദ്ദേഹത്തിന്റെ ജനങ്ങളോടുള്ള സ്‌നേഹവും, കരുതലും, ഭരണപാടവവും, ജനകീയ സമീപനവും കേരള രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാരന്റെ പ്രശ്‌നങ്ങളില്‍ ഉമ്മന്‍ ചാണ്ടി എന്നും പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു.
പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുണകരമാവുന്ന ഉമ്മന്‍ ചാണ്ടി സ്മാരക വീല്‍ ചെയര്‍ വിതരണ പദ്ധതിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഓണ്‍ലൈന്‍ പാഠശാലയും അദ്ദേഹത്തിന്റെ നാമധേയത്തില്‍ ഐ.വൈ.സി.സി ബഹ്റൈന്‍ നടത്തിവരുന്നുണ്ട്.
പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ് എന്നിവര്‍ അറിയിച്ചു.









