ക​ഠ്​​വ കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ്

പഠാൻകോട്ട്: ജമ്മു കശ്മീരിലെ ക​ഠ്​​വയിൽ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ക്ഷേത്ര പൂജാരി അടക്കം മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ചു. കുട്ടിയെ ബലാത്സംഗം ചെയ്യാൻ ആസൂത്രണം ചെയ്ത മുഖ്യപ്രതി സാഞ്ചി റാം, സ്പെഷ്യൽ പൊലീസ് ഓഫീസറായ ദീപക് ഖജുരിയ,സാഞ്ചി റാമിന്‍റെ സുഹൃത്ത് പർവേഷ് കുമാർ എന്നിവർക്കാണ് മരണം വരെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിലെ മറ്റ് മൂന്ന് പ്രതികളായ ആനന്ദ് ദത്ത, സബ് ഇൻസ്പെക്ടർ സുരേന്ദർ വെർമ, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ് എന്നിവർക്ക് അഞ്ച് വർഷം തടവും അമ്പതിനായിരം രൂപ തടവുമാണ് വിധിച്ചിരിക്കുന്നത്.

സാഞ്ചി റാമിനെതിരെ റണ്‍ബീര്‍ പീനല്‍ കോഡി (ആര്‍.പി.സി)ലെ 302 (കൊലപാതകം), 376 ഡി (കൂട്ടബലാല്‍സംഗം), 363 (തട്ടിക്കൊണ്ടു പോകല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 343 അകാരണമായി തടങ്കലില്‍വെക്കല്‍) എന്നീ കുറ്റങ്ങളും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ 201-ാം വകുപ്പും (തെളിവ് നശിപ്പില്‍)ചുമത്തിയിട്ടുള്ളത്. രാജ്യത്തെ നടുക്കിയ ക​ഠ്​​വ കൂട്ട ബലാൽസംഗക്കേസിൽ ഏഴിൽ ആറ് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ച പഠാൻ കോട്ട് പ്രത്യേക കോടതി കേസിൽ ഒരാളെ വെറുതെ വിട്ടു. സാഞ്ചിറാമിന്‍റെ മരുമകൻ വിശാലിനെയാണ് കോടതി വെറുതെ വിട്ടത്. കുട്ടിയെ ബലാത്സംഗം ചെയ്യാൻ പ്രതികൾ ഇയാളെ മീററ്റിൽ നിന്ന് വിളിച്ചുവരുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇത് സംശയരഹിതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.

മുഖ്യപ്രതി സാഞ്ചി റാമിന്‍റെ പതിനഞ്ചുകാരനായ മറ്റൊരു മരുമകനും കേസിൽ പ്രതിയാണ്. പ്രായപൂര്‍ത്തിയാകാത്ത ഇയാളുടെ വിചാരണ ജുവനൈൽ കോടതിയിലാണ്. പഠാൻകോട്ട് അതിവേഗകോടതിയിലെ ജില്ലാ സെഷൻസ് ജഡ്ജി തേജ്‍വീന്ദർ സിംഗാണ് കേസിൽ വിധി പറ‌ഞ്ഞത്. 2018 ജനുവരിയിലായിരുന്നു രാജ്യ വ്യാപക പ്രതിഷേധങ്ങളുണ്ടാക്കിയ ക​ഠ്​​വ കൂട്ട ബലാൽസംഗം നടന്നത്. പെൺകുട്ടിയുടെ മാതാപിതാക്കൾ അടങ്ങുന്ന ബകർവാൾ നാടോടി വിഭാഗത്തെ ഗ്രാമത്തിൽ നിന്നും തുരത്തിയോടിക്കുന്നതിനാണ് പെൺകുട്ടിയെ ദിവസങ്ങളോളം തടവിൽ വെച്ച് പീഡിപ്പിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.