മനാമ: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ കേരള മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം അനുസ്മരണ സമ്മേളനവും, അന്തരിച്ച മുന്‍ കെ.പി.സി.സി പ്രസിഡന്റും മന്ത്രിയുമായിരുന്ന അഡ്വ. സി.വി പത്മരാജന്റെ അനുശോചന യോഗവും സല്‍മാനിയ ഇന്ത്യന്‍ ഡിലൈറ്റ്‌സ് ഹാളില്‍ നടന്നു. ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈന്‍ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കേരള രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വങ്ങളായിരുന്ന ഉമ്മന്‍ ചാണ്ടിയെയും അഡ്വ. സി.വി പത്മരാജനെയും അനുസ്മരിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ബഹ്റൈനിലെ വിവിധ മേഖലകളിലെ പ്രമുഖരും പൊതുപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. പുഷ്പാര്‍ച്ചനയോടെ ആരംഭിച്ച പൊതുസമ്മേളനം ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസിന്റെ അധ്യക്ഷതയില്‍ ബഹ്റൈനിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി ഉദ്ഘാടനം ചെയ്തു.
ഉമ്മന്‍ ചാണ്ടിയുടെ ജനങ്ങളോടുള്ള സ്‌നേഹത്തെയും വികസന കാഴ്ചപ്പാടുകളെയും അദ്ദേഹം അനുസ്മരിച്ചു. സാധാരണക്കാരുടെ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടി ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ മഹാനായ വ്യക്തി ആണെന്നും നിമിഷപ്രിയയുടെ കേസില്‍ വധശിക്ഷ ഒഴിവാക്കല്‍ ഉണ്ടാക്കി എടുക്കാന്‍ അടക്കം അദ്ദേഹം സ്വീകരിച്ച കാര്യങ്ങള്‍ വളരെ വലുതാണെന്നും സോമന്‍ ബേബി പറഞ്ഞു. അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മന്‍ പിതാവിന്റെ മാത്രക പിന്തുടര്‍ന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖേന നിമിഷ പ്രിയയെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ കുറിച്ചു ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹിം സംസാരിച്ചു.
ദേശീയ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ട്രഷറര്‍ ബെന്‍സി ഗനിയുഡ് നന്ദിയും ആശംസിച്ചു. കെ.എം.സി.സി സെക്രട്ടറി അഷ്റഫ് കാട്ടില്‍ പീടിക, കെ.എസ്.സി.എ വൈസ് പ്രസിഡന്റ് യു.കെ അനില്‍കുമാര്‍, നൗക പ്രതിനിധി സജിത്ത് വെള്ളിക്കുളങ്ങര, പ്രവാസി ഗൈഡന്‍സ് ഫോറം പ്രസിഡന്റ് ലത്തീഫ് കോളിക്കല്‍, ഐ.വൈ.സി.സി വനിത വേദി കണ്‍വീനര്‍ മുബീന മന്‍ഷീര്‍, കെ.എം.സി.സി പ്രതിനിധി ഫൈസല്‍, ഐ.വൈ.സി.സി ബഹ്റൈന്‍ മുന്‍ ദേശീയ പ്രസിഡന്റുമാരായ ബേസില്‍ നെല്ലിമറ്റം, ബ്ലെസ്സന്‍ മാത്യു, ജിതിന്‍ പരിയാരം, ഫാസില്‍ വട്ടോളി എന്നിവര്‍ സംസാരിച്ചു.