മനാമ: നോര്‍ക്ക റൂട്ട്‌സിന്റെ വിവിധ പദ്ധതികളെക്കുറിച്ചും പ്രവാസി ക്ഷേമനിധിയെക്കുറിച്ചും ബോധവല്‍ക്കരണം നല്‍കുന്നതിനായി ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് ബഹ്റൈന്‍ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍, ബഹ്റൈന്‍ കേരളീയ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക സബ് സെന്ററുമായി സഹകരിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സല്‍മാനിയ ഇന്ത്യന്‍ ഡിലൈറ്റ്‌സ് ഹാളില്‍ വെച്ചാണ് പരിപാടി നടന്നത്.
നോര്‍ക്ക റൂട്ട്‌സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, പ്രവാസി മലയാളികള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും, പ്രവാസി ക്ഷേമനിധി പദ്ധതിയെക്കുറിച്ചും നോര്‍ക്ക ഇന്‍ചാര്‍ജ് സക്കറിയ, ബഹ്റൈന്‍ കേരളീയ സമാജം ചാരിറ്റി വിംഗ് കണ്‍വീനര്‍ കെടി സലിം എന്നിവര്‍ വിശദീകരിച്ചു.
ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍, ജനറല്‍ സെക്രട്ടറി രഞ്ജിത് മാഹി സ്വാഗതവും ദേശീയ ട്രഷറര്‍ ബെന്‍സി ഗനിയുഡ് നന്ദിയും പറഞ്ഞു. ഐ.വൈ.സി.സി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ക്ലാസ്സില്‍ പങ്കെടുത്തു.