മനാമ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും മുന്‍ കെപിസിസി അധ്യക്ഷനുമായിരുന്ന സിവി പത്മരാജന്‍ സൗമ്യതയുടെ പ്രതീകമായ നേതാവ് ആയിരുന്നു എന്ന് ഒഐസിസിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അനുശോചന യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു.
രണ്ടു തവണ ചാത്തന്നൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി. കെ കരുണാകരന്‍, എകെ ആന്റണി മന്ത്രിസഭകളില്‍ മന്ത്രിയായിരുന്നു. ധനകാര്യം, വൈദ്യുതി, ഫിഷറീസ് വകുപ്പുകള്‍ കൈകാര്യം ചെയ്ത നേതാവ് ആയിരുന്നു. 1983 മുതല്‍ നാലു വര്‍ഷം കെപിസിസി അധ്യക്ഷനായിരുന്നു. ഈ സമയത്താണ് തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാന മന്ദിരം നിര്‍മിച്ചത്.
1982-83, 1991-95 വര്‍ഷങ്ങളിലെ കെ കരുണാകരന്‍ മന്ത്രിസഭയിലും 1995-96 ലെ എകെ ആന്റണി മന്ത്രിസഭയിലുമാണ് മന്ത്രിയായി പ്രവര്‍ത്തിച്ചത്. ചാത്തന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷനായാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത് എന്നും നേതാക്കള്‍ അനുസ്മരിച്ചു. ഒഐസിസി വൈസ് പ്രസിഡന്റ് അഡ്വ. ഷാജി സാമൂവല്‍ അധ്യക്ഷത വഹിച്ച അനുശോചനയോഗം ഒഐസിസി മിഡില്‍ ഈസ്റ്റ് ജനറല്‍ കണ്‍വീനര്‍ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു.
ഒഐസിസി ഗ്ലോബല്‍ കമ്മറ്റി അംഗം ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി. ഒഐസിസി ജനറല്‍ സെക്രട്ടറി മനു മാത്യു, വൈസ് പ്രസിഡന്റ് നസിം തൊടിയൂര്‍, ഐവൈസി ചെയര്‍മാന്‍ നിസാര്‍ കുന്നംകുളത്തില്‍, കൊല്ലം ജില്ലാ പ്രസിഡന്റ് വില്യം ജോണ്‍, ജനറല്‍ സെക്രട്ടറി നാസര്‍ തൊടിയൂര്‍, ഒഐസിസി നേതാക്കള്‍ ആയ റംഷാദ് അയിലക്കാട്, സല്‍മാനുല്‍ ഫാരിസ്, അനുരാജ്, റോയ് മാത്യു, ആനി അനു, ബൈജു ചെന്നിത്തല, നിസാം കാഞ്ഞിരപ്പള്ളി, എബിന്‍ കുമ്പനാട്, ഷാസ് പൂക്കുട്ടി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.