മനാമ: പാഠ്യപദ്ധതിയെ കൂടുതല്‍ ഫലപ്രദമാക്കാനും കുട്ടികളുമായി മികച്ച ബന്ധം സ്ഥാപിക്കാനും ലക്ഷ്യമിട്ടുകൊണ്ട് നാട്ടറിവുകളും നാട്ടുനന്മകളും മുന്‍നിര്‍ത്തി മലയാളം മിഷന്‍ ബഹ്‌റൈന്‍ ചാപ്റ്ററും ബഹ്‌റൈന്‍ കേരളീയ സമാജം മലയാള പാഠശാലയും സംയുക്തമായി ‘വേരറിവ് നേരറിവ്’ എന്ന പേരില്‍ അധ്യാപക പരിശീലന കളരി സംഘടിപ്പിച്ചു.
കേരള ഫോക് ലോര്‍ അക്കാദമി യുവപ്രതിഭ പുരസ്‌ക്കാര ജേതാവും പ്രമുഖ നാടക-നാടന്‍കലാ പ്രവര്‍ത്തകനും മലയാളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണുമായ ഉദയന്‍ കുണ്ടംകുഴിയാണ് ക്യാമ്പ് നയിച്ചത്. നാടന്‍ പാട്ടുകളും നാട്ടറിവുകളും കേവലം വിനോദോപാധികള്‍ എന്നതിലുപരി, കുട്ടികളുടെ സമഗ്രമായ വികസനത്തിന് സഹായിക്കുന്ന മികച്ച വിദ്യാഭ്യാസ ഉപാധികളാണെന്നും, ഇവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് കുട്ടികളില്‍ പഠനത്തോടുള്ള താല്‍പ്പര്യം വര്‍ദ്ധിപ്പിക്കുകയും അവരെ കൂടുതല്‍ അറിവുള്ളവരും സാമൂഹികമായി ഇടപെടുന്നവരുമാക്കി മാറ്റുകയും ചെയ്യും എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കളരി ചിട്ടപ്പെടുത്തിയതെന്ന് ഉദയന്‍ കുണ്ടംകുഴി പറഞ്ഞു.
മലയാളം മിഷന്റെ സ്ഥാപകാംഗവും ആദ്യ ചെയര്‍മാനുമായിരുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ആരംഭിച്ച പരിശീലന കളരിക്ക് സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രന്‍ ആര്‍.നായര്‍ സ്വാഗതവും സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരയ്ക്കല്‍ എന്നിവര്‍ ആശംസകളും ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ രജിത അനി കൃതജ്ഞതയും രേഖപ്പെടുത്തി.
മലയാളം മിഷന്‍ ബഹ്‌റൈന്‍ ചാപ്റ്ററിലെ വിവിധ പഠനകേന്ദ്രങ്ങളായ ബഹ്‌റൈന്‍ കേരളീയ സമാജം, ബഹ്‌റൈന്‍ പ്രതിഭ, പ്രവാസി ഗൈഡന്‍ന്‍സ് ഫോറം, ഗുരുദേവ സോഷ്യല്‍ സൊസൈറ്റി, മുഹറഖ് മലയാളി സമാജം, യൂണിറ്റി ബഹ്‌റൈന്‍ ,തുടങ്ങിയവയില്‍ നിന്നുള്ള അന്‍പതില്‍പ്പരം അധ്യാപകര്‍ പരിശീലന കളരിയില്‍ പങ്കെടുത്തു. ചാപ്റ്റര്‍ സെക്രട്ടറി ബിജു എം സതീഷ് ഏകോപനം നിര്‍വ്വഹിച്ചു.