മനാമ: ബഹ്‌റൈനില്‍ വേനല്‍ചൂട് രൂക്ഷമായിരിക്കെ മഴയെ വരവേറ്റ് സൗദിയും യുഎഇയും ഒമാനും. ബഹ്‌റൈനില്‍ ശനിയാഴ്ച 44 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. അന്തരീക്ഷ ഈര്‍പ്പം 95 ശതമാനമെത്തി. ഈ അവസ്ഥ അടുത്ത രണ്ട് ദിവസങ്ങളിലും തുടരുമെന്നാണ് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ കാലാവസ്ഥാ ഡയറക്ടറേറ്റ് പറയുന്നത്.
ഉച്ചതിരിഞ്ഞുള്ള സമയങ്ങളില്‍ ജനങ്ങളോട് വീടിനുള്ളില്‍ തന്നെ തുടരാനും ധാരാളം വെള്ളം കുടിക്കാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജൂലൈ 30 ബുധനാഴ്ച മുതല്‍ ഒരാഴ്ചയോളം തുടരുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റ് രാജ്യത്ത് ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. കാറ്റ് ഹ്യുമിഡിറ്റിക്ക് ആശ്വാസം നല്‍കിയേക്കും.
അതേസമയം, ഖത്തറും കുവൈത്തും കടുത്ത വേനല്‍ ചൂടിലൂടെയാണ് കടന്നുപോകുന്നത്. ഖത്തറില്‍ പകല്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. കുവൈത്തില്‍ 50 ഡിഗ്രി സെല്‍ഷ്യസ് ആണ് കൂടിയ താപനില.
യുഎഇയില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. അല്‍ ഐനിലെ ചില ഭാഗങ്ങളില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂടിക്കെട്ടിയ ആകാശത്തോടെ മിതമായതും കനത്തതുമായ മഴയാണ് ലഭിച്ചത്. സൗദിയില്‍ ഞായറാഴ്ച മുതല്‍ രാജ്യത്തിന്റെ തെക്കന്‍ മേഖലകളില്‍ ദിവസങ്ങളോളം കനത്ത മഴയും പൊടിക്കാറ്റും ഉണ്ടാകുമെന്ന് പ്രവചനമുണ്ട്.