മനാമ: ബഹ്റൈനിലെ വിമാനത്താവളങ്ങളെ ദുരന്തങ്ങള്‍ നേരിടാന്‍ സജ്ജമാക്കുന്ന ‘ഗെറ്റ് എയര്‍പോര്‍ട്ട്‌സ് റെഡി ഫോര്‍ ഡിസാസ്റ്റര്‍’ (ഗാര്‍ഡ്) പദ്ധതിയുടെ ആദ്യഘട്ടത്തിന് ബഹ്‌റൈനില്‍ തുടക്കമായി. ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പദ്ധതി ആരംഭിച്ചത്.
സിവില്‍ ഡിഫന്‍സ് കൗണ്‍സില്‍ ചെയര്‍മാനുമായ ജനറല്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ നിര്‍ദേശ പ്രകാരം പബ്ലിക് സെക്യൂരിറ്റി ചീഫും സിവില്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ദേശീയ സമിതി ചെയര്‍മാനുമായ ലെഫ്റ്റനന്റ് ജനറല്‍ താരിഖ് അല്‍ ഹസന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
രാജ്യത്തിന്റെ പരമാധികാരത്തിനും സാമ്പത്തിക വ്യവസ്ഥക്കും നിര്‍ണായകമായ തന്ത്രപ്രധാനമായ കവാടങ്ങളാണെന്നും അതിനാല്‍ ദുരന്തങ്ങളെ നേരിടാന്‍ ഉയര്‍ന്ന തലത്തിലുള്ള സജ്ജീകരണം അനിവാര്യമാണെന്നും പബ്ലിക് സെക്യൂരിറ്റി ചീഫ് പറഞ്ഞു.
ഗതാഗത, ടെലികമ്യൂണിക്കേഷന്‍സ് മന്ത്രാലയം, ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി, ഐക്യരാഷ്ട്രസഭ വികസന പരിപാടി, ആഗോള ലോജിസ്റ്റിക്സ് സ്ഥാപനമായ ഡിഎച്ച്എല്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രകൃതിദുരന്തങ്ങള്‍, സാങ്കേതിക തകരാറുകള്‍, റേഡിയോളജിക്കല്‍ അടിയന്തരാവസ്ഥകള്‍ എന്നിവയുള്‍പ്പെടെ വിവിധ അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് വികസിപ്പിക്കുക, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വിമാനത്താവളങ്ങളിലെ പ്രതിസന്ധി മാനേജ്മെന്റ് പ്രോട്ടോക്കോളുകള്‍ മെച്ചപ്പെടുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.