മനാമ: തിരഞ്ഞെടുപ്പുകളിലെ ക്രമക്കേടുകള്‍ ആരോപിച്ച് ഇലക്ഷന്‍ കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും മറ്റു പ്രതിപക്ഷ പാര്‍ലിമെന്റ് അംഗങ്ങളെയും അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ്, ഐവൈസിസി ബഹ്റൈന്‍ ശക്തമായി പ്രതിഷേധിച്ചു. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ പോരാടുന്ന നേതാക്കള്‍ക്ക് പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി സംഘടന അറിയിച്ചു.
‘വോട്ടുകൊള്ള’ക്കെതിരെ ശബ്ദമുയര്‍ത്തിയതിനാണ് രാഹുല്‍ ഗാന്ധിയെയും ‘ഇന്ത്യ’ മുന്നണിയിലെ മറ്റ് നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തത്. വോട്ട് മോഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ ‘വോട്ട് ചോരി’ എന്ന പേരില്‍ ഒരു വെബ്‌സൈറ്റും അദ്ദേഹം ആരംഭിച്ചിരുന്നു. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ ഒരു ജനാധിപത്യ രാജ്യത്തിന് നല്ലതല്ലെന്ന് ഐവൈസിസി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധിക്കും, ഇന്ത്യ മുന്നണിക്കും ഈ വിഷയത്തില്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും, ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണമായും തയ്യാറാവണമെന്നും, ഭരണഘടനയുടെ അന്തസത്ത കാത്തുസൂക്ഷിച്ച് നിക്ഷ്പക്ഷമായി പെരുമാറി, തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പു വരുത്തണമെന്നും സംഘടന ആവിശ്യപ്പെട്ടു.