മനാമ: മത വിദ്ധ്യാർത്ഥി സംഘടനാ പ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന കാലത്ത് സാഹചര്യങ്ങൾക്ക് വഴങ്ങി വിമാനം കയറി, ഒടുവിൽ ബഹ്റൈനിലെ മലയാളി സമൂഹത്തിനിടയിൽ ‘സഅദി ഉസ്താദാ ‘ യി മാറിയ മലപ്പുറം കൽപകഞ്ചേരി പറവന്നൂർ സ്വദേശി അൻവർ സലീം സഅദി എട്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ സന്തോഷപൂർവ്വം നാടണയുകയാണ്.
ജോലിത്തിരക്കുകൾക്കിടയിലും മദ്രസ്സാദ്ധ്യാ പനത്തിനും സേവന പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തിയ അദ്ധേഹം രിസാല സ്റ്റഡി സർക്കിൾ ബഹ്റൈൻ ഘടകം രൂപീകരിച്ചത് മുതൽ തന്നെ നേതൃരംഗത്ത് കടന്ന് വരികയും രണ്ട് വർഷം നാഷനൽ ചെയർമാൻ പദവി അലങ്കരിക്കുകയും ചെയ്തു.
വെള്ളിയാഴ്ച കളിൽ സായിദ് ടൗൺ താരിഖ് മസ്ജിദിൽ അദ്ധേഹം നടത്തുന്ന ജുമുഅ ഖുതുബ പരിഭാഷ ഏറെ ശ്രദ്ധേയമാണ്. സൽമാബാദ് സുന്നി സെന്റർ കേന്ദ്രീകരിച്ചും മറ്റും ആഴ്ചകൾ തോറും നടക്കുന്ന ആത്മീയ മജ്ലിസുകൾക്ക് നേതൃത്വം നൽകിയുള്ള പ്രാർത്ഥന പ്രയാസങ്ങൾ കൊണ്ട് വേദനിക്കുന്ന വിശ്വാസി മനസ്സുകൾക്ക് സമാശ്വാസം പകരുന്നതായിരുന്നു.
നിലവിൽ ഐ.സി.എഫ്. സൽമാബാദ് സെൻട്രൽ പ്രസിഡണ്ടായ അൻവർ സലിം സഅദി ആർ. എസ്. സി. ഗൾഫ് കൗൺസിൽ പ്രവർത്തന സമിതി അംഗം കൂടിയാണ്.
പ്രവാസ ജീവിതത്തിലുടനീളം തന്റെ പ്രബോധന സേവന പ്രവർത്തനങ്ങളിൽ പരിമിതികൾക്കിടയിലും സജീവമായി ഇടപെടാൻ കഴിഞ്ഞുവെന്ന ചാരിതാർത്ഥ്യത്തോടെയാണ് അദ്ധേഹം’ നാട്ടിലേക്ക് മടങ്ങുന്നത്.
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന രിസാല സ്റ്റഡി സർക്കിൾ ഗൾഫ് കൗൺസിൽ പ്രവർത്തക സമിതിയംഗം അൻവർ സലീം സഅദിക്ക് ആർ.എസ്. സി. ബഹ്റൈൻ ഹൃദ്യമായ യാത്രയയപ്പ് നൽകി. സൽമാബാദ് അൽ ഹിലാൽ കമ്യൂണിറ്റി ഹാളിൽ ആർ.എസ്.സി. ചെയർമാൻ അബ്ദുറഹീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ എസ്. എസ്. എഫ്. സംസ്ഥാന പ്രസിഡണ്ട് സി.കെ. റാഷിദ് ബുഹാരി ഇരിങ്ങണ്ണൂർ ഉദ്ഘാടനം ചെയ്തു. അബ്ദുള്ള രണ്ടത്താണി ഉപഹാര സമർപ്പണം നടത്തി. മമ്മൂട്ടി മുസ്ല്യാർ വയനാട് , അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ, റഫീക്ക് മാസ്റ്റർ നരിപ്പറ്റ, വി.പി.കെ. അബൂബക്കർ ഹാജി, അബൂബക്കർ ഇരിങ്ങണ്ണൂർ, അശ്റഫ് മങ്കര, ഫൈസൽ കൊല്ലം, അബ്ദുൾ സലാം കോട്ടക്കൽ, നജ്മുദ്ധീൻ പഴമള്ളൂർ പ്രസംഗിച്ചു .വി.പി.കെ. മുഹമ്മദ് സ്വാഗതവും ഫൈസൽ ചെറുവണ്ണൂർ നന്ദിയും പറഞ്ഞു.