മനാമ: ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഐവൈസിസി) ബഹ്റൈന്‍ വനിതാ വേദിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്ക് ഭക്ഷണ വിതരണം നടത്തുന്നു. സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യും.
പ്രവാസി തൊഴിലാളികള്‍ക്കിടയില്‍, ഐവൈസിസി ബഹ്റൈന്‍ നടത്തുന്ന സാമൂഹിക ഇടപെടലുകളുടെ ഭാഗമായാണ് ഈ പരിപാടി. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ചേര്‍ത്തുപിടിക്കേണ്ടതിന്റെ പ്രാധാന്യം കൂടി ഈ പ്രവര്‍ത്തനം ഓര്‍മ്മിപ്പിക്കുന്നു. ഐവൈസിസി ബഹ്റൈന്‍ വനിതാ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ മുബീന മന്‍ഷീര്‍, സഹ കോ-ഓര്‍ഡിനേറ്റര്‍ മാരിയത്ത് അമീര്‍ഖാന്‍, സഹഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം നടക്കുന്നത്.
ഈ ഉദ്യമം സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും പ്രതീകമായി മാറുന്ന പ്രവര്‍ത്തി ആണെന്നും, ഇതിനു മുന്നോട്ടു വന്ന ഐവൈസിസി വനിത വേദി അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും ഐവൈസിസി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ് അറിയിച്ചു.