മനാമ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഐവൈസിസി) ബഹ്റൈന്‍ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ലേബര്‍ ക്യാമ്പില്‍ ഭക്ഷണ വിതരണം നടത്തി. ക്യാമ്പിലെ നിരവധി തൊഴിലാളികള്‍ക്കാണ് ഐവൈസിസി വനിതാ വേദി പ്രവര്‍ത്തകര്‍ ഭക്ഷണം എത്തിച്ചത്.
സ്‌നേഹവും, സാഹോദര്യവും, പരസ്പര സഹായവുമാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ മൂല്യങ്ങളെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വനിത വേദി കോ ഓര്‍ഡിനേറ്റര്‍ മുബീന മന്‍ഷീര്‍ പറഞ്ഞു. ഐവൈസിസി ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന അദ്ദേഹം, ഈ ദിനത്തില്‍ ഇത്തരമൊരു കാരുണ്യ പ്രവര്‍ത്തനവുമായി മുന്നോട്ടുവന്ന വനിത വേദി ഭാരവാഹികളെ അഭിനന്ദിച്ചു.
ഭാവിയിലും ഇത്തരം നല്ല പ്രവര്‍ത്തനങ്ങള്‍ നടക്കട്ടെ എന്നും, അതിന് സംഘടനയുടെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും ദേശീയ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. വനിത വേദി സഹ കോര്‍ഡിനേറ്റര്‍ മാരിയത്ത് അമീര്‍ഖാന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍, ഐവൈസിസി ബഹ്റൈന്‍ ദേശീയ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, വനിത വേദി ചാര്‍ജ് വഹിക്കുന്ന ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹിം, ദേശീയ വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂര്‍, കോര്‍ കമ്മിറ്റി ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, വനിത വേദി സഹഭാരവാഹികള്‍ നേതൃത്വം നല്‍കി.