മനാമ: കര്‍ബബാദ് തീരത്ത് ഉപേക്ഷിക്കപ്പെട്ട ഭക്ഷണ വണ്ടികള്‍ക്കെതിരെ നടപടി സ്വീകരിച്ച് ക്യാപിറ്റല്‍ മുനിസിപ്പാലിറ്റി. ഇത്തരം ഭക്ഷണ വണ്ടികള്‍ നീക്കം ചെയ്തു. പൊതു ഇടങ്ങള്‍ പരിപാലിക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിന്റേയും ഭാഗമായാണ് ഈ നടപടി. പ്രവര്‍ത്തനരഹിതമായ ഭക്ഷണ വണ്ടികളും സ്ഥാപനങ്ങളും പതിവ് പരിശോധനാ കാമ്പയ്നുകളിലൂടെ മുനിസിപ്പാലിറ്റി നിരീക്ഷിക്കുന്നുണ്ട്.
നിയമപരമായ സമയപരിധിക്കുള്ളില്‍ അനധികൃത വസ്തുക്കള്‍ നീക്കം ചെയ്യാന്‍ നിയമലംഘകരെ അറിയിക്കും. അവര്‍ അത് പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ നിയമ നടപടികള്‍ സ്വീകരിക്കും. ഇത്തരത്തില്‍ ഉടമസ്ഥര്‍ നീക്കം ചെയ്യാത്ത ഭക്ഷണ വണ്ടികളാണ് മുന്‍സിപ്പാലിറ്റി നീക്കം ചെയ്തത്.
വൃത്തിയുള്ളതും സുരക്ഷിതവുമായ തീരപ്രദേശങ്ങള്‍ പരിപാലിക്കുന്നത് ഒരു പങ്കിട്ട ഉത്തരവാദിത്തമാണെന്ന് മുനിസിപ്പാലിറ്റി ഓര്‍മപ്പെടുത്തി. കടല്‍ത്തീരങ്ങളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനും ഭാവി തലമുറകള്‍ക്കായി അവയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും അധികാരികള്‍, ബിസിനസ് ഉടമകള്‍, കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നിവര്‍ തമ്മിലുള്ള സഹകരണം അത്യാവശ്യമാണെന്നും മുന്‍സിപ്പാലിറ്റി കൂട്ടിച്ചേര്‍ത്തു.