മനാമ: ഐവൈസിസി ബഹ്‌റൈന്‍ യൂത്ത് ഫെസ്റ്റിനോട് അനുബന്ധിച്ച് ഗള്‍ഫ് മേഖലയിലെ മികച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്ക് നല്‍കി വരുന്ന ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം സാമൂഹിക പ്രവര്‍ത്തകന്‍ വേണു വടകരക്ക് സമ്മാനിച്ചു. ജൂണ്‍ 27 ന് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടന്ന പത്താമത് ഐവൈസിസി യൂത്ത് ഫെസ്റ്റ് 2025 വേദിയില്‍ വെച്ചാണ് പുരസ്‌കാരം നല്‍കിയത്. പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ഗായകന്‍ ഹനാന്‍ ഷാ ഉള്‍പ്പെടെയുള്ളവരും ചടങ്ങില്‍ പങ്കെടുത്തു.
മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഡിസിസി മലപ്പുറം പ്രസിഡന്റ് വിഎസ് ജോയ്, ഐവൈസിസി പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ്, വനിതാ വേദി കോ-ഓര്‍ഡിനേറ്റര്‍ മുബീന മന്‍ഷീര്‍, സംഘടന കോര്‍ കമ്മിറ്റി അംഗങ്ങള്‍, ബഹ്റൈനിലെ സാമൂഹിക, സംസ്‌ക്കാരിക മേഖലയിലുള്ളവര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്‌കാരം സമ്മാനിച്ചത്.
പ്രവാസലോകത്ത് വര്‍ഷങ്ങളായി നിസ്വാര്‍ത്ഥമായ സേവനം അനുഷ്ഠിക്കുന്ന വ്യക്തിയാണ് വേണു വടകര. നാട്ടിലേയും വിദേശത്തേയും കാരുണ്യ, സാമൂഹിക വിഷയങ്ങളില്‍ അദ്ദേഹം സജീവമായി ഇടപെടാറുണ്ട്. നോര്‍ക്കയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും, പ്രവാസി ക്ഷേമനിധി അംഗത്വം ചേര്‍ക്കുന്നതിലും, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് വാങ്ങി നല്‍കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമാണ്.
കണ്ണൂര്‍, മട്ടന്നൂര്‍ മേഖലകളില്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ധീരരക്തസാക്ഷി ഷുഹൈബ് എടയന്നൂരിന്റെ സ്മരണാര്‍ത്ഥമാണ് ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം നല്‍കുന്നത്. ഷുഹൈബ് മുന്‍പ് ഒരു പ്രവാസി കൂടിയായിരുന്നു. ഈ പുരസ്‌കാരം ഇതിനു മുന്‍പ് അഷ്റഫ് താമരശ്ശേരി, ശിഹാബ് കൊട്ടുകാട്, ബഷീര്‍ അമ്പലായി, മനോജ് വടകര, സാബു ചിറമേല്‍ എന്നിവര്‍ക്ക് ലഭിച്ചിട്ടുണ്ട്.