മനാമ: ബഹ്റൈനിലേക്കുള്ള ഫിലിപ്പീന്‍സ് ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് എം.പി മുഹമ്മദ് അല്‍ അഹ്‌മദ്. ഫിലിപ്പീന്‍സിലെ എച്ച്‌ഐവി/എയ്ഡ്സിന്റെ വ്യാപനം കണക്കിലെടുത്താണ് എംപി അടിയന്തര പ്രമേയം അവതരിപ്പിച്ചത്.
ഫിലിപ്പീന്‍സില്‍ എച്ച്‌ഐവി കേസുകളുടെ വര്‍ദ്ധനവ് ഉയര്‍ത്തിക്കാട്ടുന്ന പ്രാദേശിക, അന്തര്‍ദേശീയ ആരോഗ്യ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍, ബഹ്റൈന്‍ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് അല്‍-അഹ്‌മദ് പറഞ്ഞു.
വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട് വരാന്‍ സാധ്യതയുള്ള ആരോഗ്യ പ്രതിസന്ധികളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കാന്‍ പ്രതിരോധ നടപടികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ബഹ്റൈന്‍ പ്രതിജ്ഞാബദ്ധമാണ്. ഈ നിര്‍ദേശം മുന്‍കരുതല്‍ എന്ന നിലയിലുമുള്ള ഒരു താല്‍ക്കാലിക നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫിലിപ്പീന്‍സിലെ ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും അന്താരാഷ്ട്ര ആരോഗ്യ സംഘടനകള്‍ രോഗവ്യാപനം നിയന്ത്രണവിധേയമായെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നതുവരെ മറ്റ് രാജ്യങ്ങളില്‍ നിന്ന് വീട്ടുജോലിക്കാരെ നിയമിക്കുന്നത് പരിഗണിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ലോകാരോഗ്യ സംഘടനയുടെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച് ഏഷ്യയില്‍ എച്ച്‌ഐവി കേസുകളില്‍ ഏറ്റവും വേഗത്തിലുള്ള വര്‍ധനവ് രേഖപ്പെടുത്തുന്നത് ഫിലിപ്പീന്‍സിലാണ്. 2025ല്‍ പ്രതിദിനം 57 പുതിയ അണുബാധകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഏകദേശം 29,600 പുതിയ കേസുകള്‍ രേഖപ്പെടുത്തിയിരുന്നു.