മനാമ: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ വടകര എംപി ഷാഫി പറമ്പിലിനെതിരെ ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ അസഭ്യം വിളിച്ചുപറഞ്ഞ് വഴിതടഞ്ഞത് ഇരട്ടത്താപ്പാണെന്ന് ഐവൈസിസി ബഹ്‌റൈന്‍.
‘രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കോണ്‍ഗ്രസ് പാര്‍ട്ടി വ്യക്തമായ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍, യാതൊരു പരാതികളോ ആരോപണങ്ങളോ ഇല്ലാതിരുന്നിട്ടും ഒരു ജനപ്രതിനിധിയെ പൊതുസ്ഥലത്ത് അനാവശ്യമായി തെറി വിളിച്ചിട്ടും പോലീസ് ഇവര്‍ക്കെതിരെ നിഷ്‌ക്രിയരാവുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്.
എംപിക്ക് നേരിട്ടിറങ്ങി സിപിഎം ഗുണ്ടായിസത്തിനെതിരെ പ്രതികരിക്കേണ്ടി വന്നു. ഇത് പോലീസിന്റെയും ആഭ്യന്തര മന്ത്രി പിണറായി വിജയന്റെയും പരാജയമാണ്. ഒരു എംപിയെ സംരക്ഷിക്കാന്‍ പോലും ആഭ്യന്തര വകുപ്പിന് ശക്തിയില്ല.’, ഐവൈസിസി ബഹ്‌റൈന്‍ ദേശീയ കമ്മിറ്റി പറഞ്ഞു.
‘രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണത്തില്‍ ഷാഫി പറമ്പിലിനെ വഴിയില്‍ തടയുന്ന സിപിഎം നിലപാട് മനസിലാകുന്നില്ല. അങ്ങനെ എങ്കില്‍ പീഡന ആരോപണമുള്ള പി ശശിയെയും ബലാത്സംഗ കേസില്‍ വിചാരണ നേരിടുന്ന മുകേഷ് എംഎല്‍എയേയും അടക്കം സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ തടയാന്‍ ഡിവൈഎഫ്‌ഐ- സിപിഎമ്മിന് ആര്‍ജവം ഉണ്ടോ?
സ്ത്രീപീഡന ആരോപണങ്ങള്‍ സിപിഎം നേതാക്കള്‍ക്കെതിരെ ആവുമ്പോള്‍ പാര്‍ട്ടി കോടതി അന്വേഷണം നടത്തുമെന്ന് പറയുന്ന സിപിഎം, ധാര്‍മിക ബോധമുണ്ടെങ്കില്‍ കോണ്‍ഗ്രസ് സ്വീകരിച്ച മാന്യമായ നിലപാട് സ്വീകരിച്ച് മാതൃകയാകണം’, ഐവൈസിസി ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ ആവിശ്യപ്പെട്ടു.