ദുബായ്: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യ പൊതുപരിപാടിക്കായി വി. മുരളീധരൻ യുഎഇയിലെത്തി. ഇന്ന് രാവിലെ ദുബായ് സോനാപൂരിലുള്ള ലേബർ ക്യാംപ് സന്ദർശിച്ചു കൊണ്ടാണ് കേന്ദ്ര മന്ത്രി സന്ദർശനത്തിനു തുടക്കം കുറിച്ചത്.
വെള്ളിയാഴ്ച രാവിലെ ദുബായ് താജ് ഹോട്ടലിൽ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ ഒരുക്കുന്ന മുഖാമുഖം പരിപാടിയിൽ കേന്ദ്രമന്ത്രി സംബന്ധിക്കും. ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ കേന്ദ്രമന്ത്രിക്ക് പൗരസ്വീകരണം ഒരുക്കിയിട്ടുണ്ട്. യു.എ.ഇ.യിലെ വിവിധ പ്രവാസി സംഘടനാനേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.
കഴിഞ്ഞ അഞ്ചു വർഷം സുഷമ സ്വരാജ് യുഎഇ അടക്കമുള്ള വിദേശരാജ്യങ്ങളുമായി ഉണ്ടാക്കിയെടുത്ത നല്ല ബന്ധങ്ങൾ തനിക്ക് ഉപകാരം ആകുന്നു എന്നും അതിന്റെ തുടർ പ്രവർത്തനങ്ങൾ ആണ് താൻ നടത്തുകയെന്നും വി മുരളീധരൻ പറഞ്ഞു. ഇന്ത്യൻ ബിസിനസ് സംരംഭകരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും