മനാമ: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ കൂടിക്കാഴ്ച നടത്തി. അല്‍ സാഖിര്‍ കൊട്ടാരത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. യോഗത്തില്‍ രാജാവിന്റെ മക്കളും ഇരുരാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
ബഹ്റൈനും യുഎഇയും തമ്മിലുള്ള ദീര്‍ഘകാല സഹോദര്യ ബന്ധത്തെക്കുറിച്ചും പരസ്പര താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി വിവിധ മേഖലകളില്‍ സഹകരണവും ഏകോപനവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങളെക്കുറിച്ചും രാജാവും യുഎഇ പ്രസിഡന്റും ചര്‍ച്ച ചെയ്തു. ഖത്തറിനെതിരായ ഇസ്രായേല്‍ ആക്രമണത്തെത്തുടര്‍ന്ന് മേഖലയിലുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
ഖത്തറിന്റെ ദേശീയ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനമായി കണക്കാക്കി ആക്രമണത്തെ രാജാവും യുഎഇ പ്രസിഡന്റും അപലപിച്ചു. ഖത്തറിന്റെ സുരക്ഷ, പരമാധികാരം, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിന് ഖത്തറിന് പൂര്‍ണ്ണ ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.
കൂടാതെ, മിഡില്‍ ഈസ്റ്റിലെ സംഭവവികാസങ്ങള്‍, പ്രത്യേകിച്ച് അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ സ്ഥിതി എന്നിവയെക്കുറിച്ചും പരസ്പരം ആശങ്കയുള്ള പ്രാദേശികവും അന്തര്‍ദേശീയവുമായ വിഷയങ്ങളും രാജാവും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദും ചര്‍ച്ച ചെയ്തു. ഫലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങള്‍ക്ക് ഇരു രാജ്യങ്ങളും നല്‍കുന്ന ഉറച്ച പിന്തുണയും പ്രാദേശിക സ്ഥിരത കൈവരിക്കുന്നതിനുള്ള ഏക മാര്‍ഗമായി ദ്വിരാഷ്ട്ര പരിഹാരത്തിന്റെ പ്രാധാന്യവും ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.