മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടിയായ ‘ശ്രാവണ’ത്തോടനുബന്ധിച്ച് പ്രശസ്ത പിന്നണി ഗായിക കെഎസ് ചിത്രയും സംഘവും അവതരിപ്പിച്ച ഗാനമേള ബഹ്‌റൈനിലെ സംഗീത പ്രേമികള്‍ക്ക് അവിസ്മരണീയമായ ഒരു രാവായി. ചിത്രയോടൊപ്പം പ്രശസ്ത ഗായകരായ മധു ബാലകൃഷ്ണന്‍, നിഷാദ്, അനാമിക എന്നിവരും സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായികയായ ചിത്ര വേദിയിലെത്തിയപ്പോള്‍ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് അവരെ വരവേറ്റത്. തന്റെ മാന്ത്രിക ശബ്ദത്തില്‍ അവര്‍ പാടിയ ഓരോ ഗാനവും സദസ്സിനെ ഗൃഹാതുരത്വത്തിന്റെ ലോകത്തേക്ക് കൊണ്ടുപോവുകയും ഓരോ പാട്ടും സദസ്സ് ഏറ്റുപാടുകയും ചെയ്തു.
രാജഹംസമേ, മാലേയം മാറോടഞ്ഞു, കല്യാണ തേന്‍ നില തുടങ്ങിയ ക്ലാസിക് ഗാനങ്ങള്‍ക്കൊപ്പം പുതിയകാല ഹിറ്റുകളും ഓണപ്പാട്ടുകളുടെ ഫ്യുഷനും കോര്‍ത്തിണക്കി അവതരിപ്പിച്ച ഗാനമേള, പ്രവാസജീവിതത്തില്‍ ഓണത്തിന്റെ ഓര്‍മ്മകള്‍ക്ക് കൂടുതല്‍ മധുരം പകര്‍ന്നതായി. ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍, ശ്രാവണം ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് ജോര്‍ജ്ജ് തുടങ്ങിയ ഭാരവാഹികള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.