മനാമ: സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം ബഹ്‌റൈന്‍ കഴിഞ്ഞ 12 വര്‍ഷമായി ബഹ്‌റൈനിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരുന്ന ശാസ്ത്രപ്രതിഭ പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. മൂന്നു ഘട്ടങ്ങളിലായാണ് പരീക്ഷകള്‍ നടക്കുന്നത്.
നവംബര്‍ എട്ടിന് ഒന്നാം ഘട്ട പരീക്ഷ ആരംഭിക്കും. നവംബര്‍ അവസാന വാരം രണ്ടാം ഘട്ടവും ഡിസംബര്‍ ആദ്യവാരം മൂന്നാം ഘട്ടവും നടക്കും. 6, 7, 8 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും 9, 10, 11 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സീനിയര്‍ വിഭാഗത്തിലും മത്സരിക്കാം. ബഹ്‌റൈനിലെ മൊത്തം സിബിഎസ്‌സി സ്‌കൂളുകളിലെയും ഓരോ ഗ്രെയിഡുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്ന രണ്ട് കുട്ടികളെ ‘ശാസ്ത്ര പ്രതിഭ’ അവാര്‍ഡ് നല്‍കി ആദരിക്കും.
ഈ വര്‍ഷം മുതല്‍ ബഹ്‌റൈനില്‍ നിന്നും ശാസ്ത്ര പ്രതിഭകളായി വിജയിക്കുന്ന കുട്ടികള്‍ക്ക് ഇന്ത്യയില്‍ നടക്കുന്നതും ഏഷ്യയിലെ ഏറ്റവും വലുതുമായ ”വിദ്യാര്‍ത്ഥി വിജ്ഞാന്‍ മംത്ഥന്‍ പരീക്ഷ” യില്‍ മാറ്റുരക്കാനുള്ള അവസരം ലഭിക്കും.
ശാസ്ത്ര പ്രതിഭകളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ പ്രമുഖ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളായ ഐഎസ്ആര്‍ഒ, ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍, ഡിആര്‍ഡിഒ മുതലായ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്ന ശാസ്ത്രയാന്‍ സംഘത്തില്‍ ചേരാനും കഴിയും. ശാസ്ത്ര പ്രതിഭകള്‍ക്ക് ഉപരിപഠനം നടത്തുമ്പോള്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനുള്ള സൗകര്യവും ലഭിക്കും. കുട്ടികള്‍ പഠിക്കുന്ന അതാത് സ്‌കൂളുകള്‍ വഴി മാത്രമേ ശാസ്ത്ര പ്രതിഭ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ.
സല്‍മാനിയയിലെ ഇന്ത്യന്‍ ഡിലൈറ്റ് റെസ്റ്റോറന്റില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം ബഹ്‌റൈന്‍ പ്രസിഡന്റ് കെഎസ് അനിലാല്‍ ആണ് ശാസ്ത്ര പ്രതിഭ പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചത്. എസ് ഐഎഫ് ചെയര്‍മാന്‍ ഡോ. വിനോദ് മണിക്കര വൈസ് പ്രസിഡന്റുമാരായ കെ സജീവന്‍, ചന്ദ്രശേഖരന്‍, ജനറല്‍ സെക്രട്ടറി പ്രശാന്ത് ധര്‍മരാജ്, ജോയിന്റ് സെക്രട്ടറി കെടി രമേശ്, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മുകേഷ്, പ്രവീണ്‍ ബി, ദീപ സജീവന്‍ എന്നിവരും നിരവധി മാധ്യമ പ്രവര്‍ത്തകരും സംബന്ധിച്ചു. എസ്‌ഐഎഫ് ഉപദേശക സമിതി ചെയര്‍മാന്‍ ഡോ. രവി വാര്യര്‍ ശാസ്ത്ര പ്രതിഭ പരീക്ഷക്ക് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചന്ദ്രശേഖരന്‍ നന്ദി പറഞ്ഞു.