മനാമ: ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബഹ്റൈനില്‍ എത്തിയ പ്രശസ്ത ഫോട്ടോഗ്രാഫറും ‘തുടരും’ സിനിമയുടെ തിരക്കഥകൃത്തുമായ കെആര്‍ സുനിലിന് ആദരവ്. ഇദ്ദേഹത്തിന്റെ ‘വെളിച്ചപ്പാടും പോക്കറ്റടിക്കാരും’ പുസ്തകം വേദിയില്‍ പ്രകാശനം ചെയ്തു.
രേഖപ്പെടുത്തപ്പെടാതെപോയ അസംഖ്യം സാധാരണ മനുഷ്യരുടെ അസാധാരണമായ ജീവിതത്തിലൂടെ സഞ്ചരിച്ച ഒരു ഫോട്ടോഗ്രാഫറുടെ ഹൃദ്യമായ ഓര്‍മ്മപ്പുസ്തകമാണിത്. പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം ബിഎംസി ചെയര്‍മാന്‍ ഫ്രന്‍സിസ് കൈതാരത്ത് നിര്‍വഹിച്ചു. ബഹ്റൈനിലെ സാമൂഹ്യ പവര്‍ത്തകനും ബിഎംബിഎഫ് ജനറല്‍ സെക്രട്ടറിയുമായ ബഷീര്‍ അമ്പലായി ഏറ്റുവാങ്ങി.
തുടര്‍ന്ന് നടന്ന ‘ചിത്രങ്ങളും കഥകളും’ പൊന്നാനിയുടെ ഹൃദയത്തിലൂടെ നടന്നു നീങ്ങിയ ഡോക്യുമെന്ററിയും ചിത്രങ്ങളുടെ കഥ പറച്ചിലും ആസ്വാദകര്‍ക്ക് നവ്യാനുഭവമായി മാറി. ചിത്രങ്ങളുടെ പിന്നിലെ കഥകള്‍ കെആര്‍ സുനില്‍ വിശദീകരിച്ചു. സാമൂഹ്യകലാ സാംസ്‌കാരിക സാഹിത്യരംഗത്തെ ഒട്ടേറെ പ്രമുഖരും ബിസിനസ് രംഗത്തെ വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുത്തു.