മനാമ: നിര്‍ബന്ധിത തൊഴില്‍, ലൈംഗിക ചൂഷണം എന്നിവ ഉള്‍പ്പെടുന്ന മനുഷ്യക്കടത്ത് കേസില്‍ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം പൂര്‍ത്തിയാക്കി. പ്രതിയായ ഏഷ്യന്‍ പൗരനെ ഹൈ ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തു. ഒക്ടോബര്‍ 7 ന് വിചാരണ നടക്കും.
മനുഷ്യക്കടത്തിന് ഇരകളായ രണ്ട് പേരാണ് പരാതി നല്‍കിയതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് എവിഡന്‍സിലെ ആന്റി-ഹ്യൂമന്‍ ട്രാഫിക്കിംഗ് ഡയറക്ടറേറ്റ് അറിയിച്ചു. പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു, സ്വാതന്ത്ര്യം ഹനിച്ചു, നിര്‍ബന്ധിത ജോലിക്ക് വിധേയരാക്കി, ലൈംഗികമായി ചൂഷണം ചെയ്തു, വിശ്രമമില്ലാതെ ദീര്‍ഘനേരം ജോലി ചെയ്യിപ്പിച്ചു തുടങ്ങിയ പരാതികളാണ് ഇവര്‍ നല്‍കിയത്.
പ്രോസിക്യൂഷന്‍ ഉടന്‍ അന്വേഷണം ആരംഭിച്ചു. ഇരകളുടെ മൊഴികള്‍ രേഖപ്പെടുത്തുകയും അവരെ മനുഷ്യക്കടത്തിനെതിരെ പോരാടുന്ന ദേശീയ കമ്മിറ്റി നടത്തുന്ന ഒരു ഷെല്‍ട്ടറില്‍ പാര്‍പ്പിക്കുകയും ചെയ്തു. പ്രതിയെ ചോദ്യം ചെയ്യുകയും വിചാരണയ്ക്ക് മുമ്പുള്ള തടങ്കലില്‍ വയ്ക്കുകയും ചെയ്തു. പോലീസ് അന്വേഷണത്തില്‍ കുറ്റകൃത്യം സ്ഥിരീകരിച്ചു. തുടര്‍ന്നാണ് പ്രതിയെ വിചാരണയ്ക്കായി കോടതിക്ക് കൈമാറിയത്.