മനാമ: അറേബ്യന്‍ റീജിയന്‍ ടെറിട്ടറിയിലെ സീറോ-മലങ്കര കത്തോലിക്കാ സഭാ വിശ്വാസികളുടെ കൂട്ടായ്മയുടെ (SMART) സംഗമമായ ‘സുകൃതം 2025’ ബഹ്‌റൈനില്‍ നാളെ മുതല്‍ നാലാം തീയതി വരെ വിവിധ പരിപാടികളോടെ വിപുലമായി നടത്തുന്നു. അവാലി കത്തീഡ്രല്‍ ദൈവാലയത്തിലാണ് സംഗമം നടക്കുന്നത്.
നോര്‍ത്തേണ്‍ അറേബ്യയുടെ അപ്പസ്‌തോലിക് വികാരി അഭിവന്ദ്യ ബിഷപ്പ് ആല്‍ഡോ ബെറാര്‍ഡി പിതാവിന്റെയും, സീറോ-മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് അത്യഭിവന്ദ്യ കര്‍ദ്ദിനാള്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെയും ശ്രേഷ്ഠ സാന്നിധ്യത്തിലാണ് ഈ സംഗമം നടത്തപ്പെടുന്നത്.
സംഗമത്തില്‍ ഏകദേശം 1,500 ഇടവകാംഗങ്ങളും, മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി 500 ല്‍ അധികം പ്രതിനിധികളും ഉള്‍പ്പെടെ, 2000 ത്തോളം മലങ്കര കത്തോലിക്കാ വിശ്വാസികള്‍ പങ്കെടുക്കും. ബഹ്റൈന്‍ ഇന്ത്യന്‍ അംബാസഡര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികളും, വിവിധ മതവിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളും, ക്രൈസ്തവ സഭകളുടെ പ്രതിനിധികളും ഈ ചരിത്രപരമായ ചടങ്ങില്‍ അതിഥികളായി പങ്കെടുക്കും.
ഒക്ടോബര്‍ 3 വെള്ളിയാഴ്ച 2.30 ന് അഭിവന്ദ്യ പിതാക്കന്മാരുടെയും ബഹു. വൈദീകരുടെയും കാര്മീകത്ത്വത്തില്‍ ആഘോഷമായ സമൂഹബലിയും തുടര്‍ന്ന് പൊതു സമ്മേളനവും നടത്തും. ഇന്ത്യന്‍ അംബാസിഡര്‍ വിനോദ് കെ ജേക്കബ് മുഖ്യ പ്രഭാഷകന്‍ ആയിരിക്കും. ചടങ്ങില്‍ വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള മലങ്കര കത്തോലിക്കാ സമൂഹത്തിലെ അംഗങ്ങളെ അനുമോദിക്കുകയും ചെയ്യും.