മനാമ: ഗാസയിലെ ജനങ്ങള്‍ക്ക് സഹായവസ്തുക്കളുമായി പുറപ്പെട്ട ഗ്ലോബല്‍ സുമൂദ് ഫ്‌ലോട്ടില്ല കപ്പലുകള്‍ തടഞ്ഞ് ബഹ്റൈന്‍ പൗരന്മാരെ കസ്റ്റഡിയിലെടുത്ത് ഇസ്രായേല്‍ സൈന്യം. സ്‌പെയിനിലെ വിവിധ തുറമുഖങ്ങള്‍, ടുണീഷ്യന്‍ തലസ്ഥാനമായ ടൂണിസ്, ഇറ്റലിയിലെ സിസിലി എന്നിവിടങ്ങളില്‍നിന്നായി പുറപ്പെട്ട 44 ചെറുകപ്പലുകളാണ് ഇസ്രായേല്‍ പിടിച്ചെടുത്തത്.
ഇസ്രായേല്‍ സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത ബഹ്റൈന്‍ പൗരന്മാരുടെ മോചനത്തിനായി അധികാരികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൗരന്മാരുടെയും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെയും സ്ഥിതിഗതികള്‍ സൂക്ഷമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
തങ്ങളുടെ പൗരന്മാരുടെ സുരക്ഷിതമായ തിരിച്ചുവരവിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ടെല്‍ അവീവിലെ ബഹ്റൈന്‍ എംബസി ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
കപ്പലുകളില്‍ 40ലധികം രാജ്യങ്ങളില്‍നിന്നായി 500 ആക്ടിവിസ്റ്റുകളാണ് ഉണ്ടായിരുന്നത്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംബര്‍ഗ്, ഫ്രാന്‍സില്‍നിന്നുള്ള യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റ് അംഗം എമ്മ ഫോറ്യൂ, ബാഴ്‌സലോണ മേയര്‍ അഡാ കോലോവ് തുടങ്ങിയവരും കപ്പലുകളില്‍ ഉണ്ടായിരുന്നു.