മനാമ: സര്‍ഗാത്മകതയുടെ നിറവില്‍ ഇന്ത്യന്‍ സ്‌കൂളിന്റെ വാര്‍ഷിക യുവജനോത്സവമായ ‘തരംഗി’ന്റെ സ്റ്റേജ് ഇതര ഇനങ്ങള്‍ക്ക് തുടക്കമായി. മലയാളം, ഫ്രഞ്ച്, ഹിന്ദി, തമിഴ്, ഉറുദു ഭാഷകളില്‍ ഉപന്യാസ രചനാ മത്സരത്തോടെയായിരുന്നു തുടക്കം. സെപ്റ്റംബര്‍ 29 ന് ഇസ ടൗണ്‍ കാമ്പസില്‍ എല്ലാ തലങ്ങള്‍ക്കുമായി ഇംഗ്ലീഷ് ഉപന്യാസ രചനാ മത്സരം നടന്നു.
6,000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധേയമായ പങ്കാളിത്തം രേഖപ്പെടുത്തി. ‘രാഷ്ട്രനിര്‍മ്മാണത്തില്‍ യുവാക്കളുടെ പങ്ക്’ എന്ന സീനിയര്‍ തലത്തിനുള്ള വിഷയം വിദ്യാര്‍ത്ഥികളുടെ അവബോധം പ്രതിഫലിപ്പിച്ചു. ഇംഗ്ലീഷ് ചെറുകഥ രചനയിലും ചിത്രരചനാ മത്സരത്തിലും നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
ഇന്നലെ (ശനിയാഴ്ച) ഇംഗ്ലീഷ് കവിതാ രചനയും പെന്‍സില്‍ ഡ്രോയിംഗും രംഗോലി മത്സരവും നടന്നു. ഒക്ടോബര്‍ 9നു വെള്ളിയാഴ്ച ഇസ ടൗണ്‍ കാമ്പസിലെ ജഷന്‍മാല്‍ ഓഡിറ്റോറിയത്തില്‍ ഫെസ്റ്റിവലിന്റെ സ്റ്റേജ് പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ഔപചാരിക ഉദ്ഘാടനത്തിന് ശേഷം നാടോടി നൃത്ത പ്രകടനം അരങ്ങേറും. ഇസ ടൗണ്‍, റിഫ കാമ്പസുകളിലെ ഏഴ് വേദികളിലായി പരിപാടികള്‍ നടക്കും.
റിഫ കാമ്പസില്‍, ഭരതനാട്യം, കഥക് തുടങ്ങിയ ക്ലാസിക്കല്‍ വ്യക്തിഗത നൃത്ത പ്രകടനങ്ങള്‍ നടക്കും. ഒക്ടോബര്‍ 10, 11, 12, 13 തീയതികളില്‍ സ്റ്റേജ് മത്സരങ്ങളും ഒക്ടോബര്‍ 18, 25 തീയതികളില്‍ ഡിബേറ്റ്, ക്വിസ് പരിപാടികളും നടക്കും. പ്രമുഖ ഇന്ത്യന്‍ ശാസ്ത്രജ്ഞരായ സിവി രാമന്‍, ആര്യഭട്ട, വിക്രം സാരാഭായ്, ജെസി ബോസ് എന്നിവരുടെ പേരിലുള്ള നാല് ഹൗസുകളില്‍ വിദ്യാര്‍ഥികള്‍ മത്സരിക്കുന്നു.
ഏറ്റവും ഉയര്‍ന്ന വ്യക്തിഗത പോയിന്റുകള്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കലാരത്‌ന, കലാശ്രീ അവാര്‍ഡുകള്‍ സമ്മാനിക്കും. ഓരോ ഹൗസിന്റെയും മൊത്തത്തിലുള്ള പ്രകടനത്തെ അടിസ്ഥാനമാക്കി ഹൗസ് ചാമ്പ്യന്‍ അവാര്‍ഡുകളും നല്‍കും.
സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി, സീനിയര്‍ സ്‌കൂള്‍ & അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി സതീഷ് എന്നിവര്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു. ഗ്രൂപ്പ് ഇന സമ്മാനങ്ങള്‍ ഫലം പ്രഖ്യാപിക്കുമ്പോള്‍ തന്നെ നല്‍കും. അതേസമയം, വ്യക്തിഗത പ്രകടനങ്ങള്‍ക്കുള്ള സമ്മാനദാനം പിന്നീട് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ നടക്കും.