ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ തലത്തില്‍ സംഘടിപ്പിച്ച മീലാദ് ടെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു. കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ ഫലപ്രഖ്യാപനം നടത്തി. ജനറല്‍ വിഭാഗത്തില്‍ മംദൂഹ് അബ്ദുല്‍ ഫത്താഹ് (ഇംഗ്ലണ്ട്), സൈനബ് അബ്ദുറഹ്‌മാന്‍ (സൗദി അറേബ്യ), സ്റ്റുഡന്റ്സ് വിഭാഗത്തില്‍ ഖദീജ റാഷിദ് (സൗദി അറേബ്യ), നഫീസ ഖാസിം (യുഎഇ) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തിനര്‍ഹരായി.
23 രാഷ്ട്രങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം മത്സരാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ജനറല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് 50,000 രൂപയും രണ്ടാം സ്ഥാനത്തിന് 25,000 രൂപയും സ്റ്റുഡന്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും സമ്മാനമായി നല്‍കും. വിജയികള്‍ക്കുള്ള അവാര്‍ഡ് തുകയും അംഗീകാര പത്രവും അതത് രാജ്യങ്ങളില്‍ നടക്കുന്ന ‘നോട്ടെക്ക്’ വേദിയില്‍ വെച്ച് കൈമാറും.
ബഹ്റൈന്‍ നാഷണല്‍ തലത്തില്‍ ജനറല്‍ വിഭാഗത്തില്‍ മുജീബ് പിയു (ഹിദ്ദ്), മുഹ്‌സിന ഷെനില്‍ (ഇസാ ടൗണ്‍) സ്റ്റുഡന്റസ് വിഭാഗത്തില്‍ റിസാ ഫാത്തിമ (ഹിദ്ദ്), ഷെസ അഷ്റഫ് (മുഹറഖ്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തിനര്‍ഹരായി.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ അധ്യാപന മാതൃകകളെ പൊതുജനങ്ങളിലും അധ്യാപക, വിദ്യാര്‍ഥി സമൂഹത്തിലും പകര്‍ന്നു നല്‍കുക എന്ന താത്പര്യത്തില്‍ ഗുരുവഴികള്‍ എന്ന അനസ് അമാനി പുഷ്പഗിരിയുടെ പ്രഭാഷണ സീരീസുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തവണ മീലാദ് ടെസ്റ്റ് ഒരുക്കിയിരുന്നത്.
പതിനാറാം എഡിഷനില്‍ ഗള്‍ഫ് രാജ്യങ്ങള്‍, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, മാല്‍ദ്വീവ്സ്, മലേഷ്യ, ഉസ്ബകിസ്ഥാന്‍ തുടങ്ങി വിവിധ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. പ്രിലിമിനറി പരീക്ഷ എഴുതി യോഗ്യത നേടിയവര്‍ക്കായിരുന്നു ഫൈനല്‍ പരീക്ഷ നടന്നത്. പരീക്ഷ ഫലം rscmeeladtest.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.