മനാമ: രണ്ട് വര്‍ഷത്തോളം ജോലിയില്ലാതെ വൈദ്യുതിയും വെള്ളവുമില്ലാത്ത മുറിയില്‍ താമസിക്കുകയായിരുന്ന ഉത്തര്‍പ്രദേശ് കുശിനഗര്‍ സ്വദേശി സഹീം അന്‍സാരിക്ക് സഹായ ഹസ്തവുമായെത്തി കെഎംസിസി ബഹ്റൈന്‍ ഈസ്റ്റ് റിഫാ ഏരിയ കമ്മിറ്റി. 13 വര്‍ഷത്തോളമായി ബഹ്‌റൈനിലെ ഒരു കമ്പനിയില്‍ ഹെല്‍പ്പര്‍ ജോലി ചെയ്തു വരികയായിരുന്നു.
80 ദിനാര്‍ പ്രതിമാസം ശമ്പളക്കാരനായിരുന്നു. ഭാര്യയും അഞ്ച് മക്കളും അടങ്ങിയ കുടുംബം നാട്ടിലാണ്. ഏതാനും പേരുടെ സഹായത്തോടെ എല്‍എംആര്‍എ വിസയില്‍ ബഹ്‌റൈനില്‍ തുടരാന്‍ ശ്രമിക്കവെ മെഡിക്കല്‍ ഫിറ്റ് അല്ലാത്തതിനാല്‍ നാട്ടിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു.
മൂന്നു വര്‍ഷത്തോളമായി ശമ്പളം ലഭിച്ചിരുന്നില്ല. കമ്പനി അടച്ചു പൂട്ടിയിട്ട് രണ്ട് വര്‍ഷത്തോളമായി. സുമനസ്സുകളുടെ സഹായത്താല്‍ ഭക്ഷണവും മറ്റുസൗകര്യങ്ങളും ലഭിച്ചിരുന്നു. മസ്ജിദുകളിലും അഭയം തേടിയിരുന്നു
നാട്ടിലേക്കുള്ള വിമാന ടിക്കറ്റും ധനസഹായവും ഈസ്റ്റ് റിഫ കെഎംസിസി സിഎച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് കൈമാറി. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ അബ്ദുല്‍ അസീസ്, ഈസ്റ്റ് റിഫാ ജനറല്‍ സെക്രട്ടറി അഷ്റഫ് ടിടി, ഭാരവാഹികളായ ഷമീര്‍ വിഎം, കുഞ്ഞഹമ്മദ്പി വി, ഉസ്മാന്‍ ടിപ്പ് ടോപ്, നിസാര്‍ മാവിലി, മുസ്തഫ കെ, താജുദ്ധീന്‍ പി, ആസിഫ് കെവി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇന്നലെ വൈകീട്ടുള്ള ഡല്‍ഹി ഫ്‌ലൈറ്റില്‍ അദ്ദേഹത്തെ യാത്രയാക്കി.