മനാമ: ഇലക്ട്രോണിക് പേയ്മെന്റ് നടത്തിയ വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ വാട്ട്സ്ആപ്പ് വഴി അയച്ചുകൊടുത്ത് ജ്വല്ലറിയില്‍ നിന്ന് തട്ടിപ്പ്. പല തവണയായി 7000 ദിനാറിന്റെ സ്വര്‍ണം തട്ടിയ യുവതിയെ അറസ്റ്റ് ചെയ്തു. സ്‌ക്രീന്‍ഷോട്ടുകള്‍ വിശ്വസിച്ച ജ്വല്ലറി ജീവനക്കാര്‍ സ്വര്‍ണം നല്‍കുകയായിരുന്നു.
ഇതേ തട്ടിപ്പ് പലതവണ ആവര്‍ത്തിച്ചതോടെയാണ് പേമെന്റ് സ്ഥിരീകരണങ്ങള്‍ വ്യാജമാണെന്നും യഥാര്‍ഥത്തില്‍ പണം ലഭിച്ചിട്ടില്ലെന്നും ജ്വല്ലറി അധികൃതര്‍ക്ക് മനസ്സിലായത്.
കേസുമായി ബന്ധപ്പെട്ട് നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് പൊലീസില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുവതിക്കും ഒരു ജ്വല്ലറി ജീവനക്കാരനുമെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിക്കുകയും യുവതിയെ ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ നടപടികള്‍ക്കായി പ്രതിയെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാന്‍ പ്രോസിക്യൂഷന്‍ ഉത്തരവിട്ടു.