മനാമ: പേരാമ്പ്രയില്‍ വെച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിയെ പോലീസ് ആക്രമിച്ച സംഭവത്തില്‍ ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഐവൈസിസി) ബഹ്റൈന്‍ ദേശീയ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജനപ്രതിനിധിക്കെതിരെ നിയമപാലകര്‍ ഇത്തരത്തില്‍ അക്രമം അഴിച്ചുവിടുന്നത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് ഐവൈസിസി വിമര്‍ശിച്ചു.
ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു വ്യക്തിക്ക് നേരെ, പ്രത്യേകിച്ചും സമാധാനപരമായ ജനാധിപത്യ പ്രതിഷേധങ്ങളില്‍ പോലീസ് ശാരീരികമായി അതിക്രമം നടത്തുന്നത് ഒരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയില്ല.
ഈ സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും അതിക്രമത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും സംഘടന ശക്തമായി ആഹ്വാനം ചെയ്തു.
ജനങ്ങളെ സേവിക്കാന്‍ ബാധ്യതപ്പെട്ട പോലീസ് സിപിഎം-മുഖ്യമന്ത്രി പിണറായി വിജയനോടുള്ള രാഷ്ട്രീയപരമായ പക്ഷപാതിത്വം വെടിഞ്ഞ് നിയമപരമായി പ്രവര്‍ത്തിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ശബരിമലയില്‍ വരെ കളവ് നടത്തലില്‍ ആരോപണവിധേയമായ പിണറായി സര്‍ക്കാരിന്റെ തെറ്റ് മറച്ചുപിടിക്കാന്‍ പോലീസ് നടത്തുന്ന ഇത്തരം നടപടികള്‍ ജനാധിപത്യ സമൂഹത്തിനു ഭാരമാണെന്ന് സംഘടന ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ് എന്നിവര്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.