മനാമ: ബഹ്‌റൈനില്‍ റോഡ് നിയമങ്ങള്‍ തെറ്റിക്കുന്ന കാല്‍ നടയാത്രക്കാര്‍ക്ക് പിഴ ഏര്‍പ്പെടുത്തുന്നത് പരിഗണനയില്‍. റോഡ് സുരക്ഷ മെച്ചപ്പെടുത്തുക, രാജ്യത്തിന്റെ കാല്‍നട യാത്രാ നിയമങ്ങള്‍ മറ്റ് രാജ്യങ്ങളുമായി സംയോജിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള പാര്‍ലമെന്ററി നിര്‍ദേശപ്രകാരമാണ് ഈ തീരുമാനം.
ജെയ്വാക്ക് (നിയമവിരുദ്ധമായി അല്ലെങ്കില്‍ വാഹനങ്ങളെ പരിഗണിക്കാതെ തെരുവുകളിലൂടെയോ റോഡിലോ നടക്കുകയോ മുറിച്ചുകടക്കുകയോ ചെയ്യുക) രീതിയില്‍ റോഡോ, തെരുവുകളോ മുറിച്ച് കടക്കുന്നവര്‍ക്ക് പിഴ ചുമത്തും. കാല്‍നടയാത്രക്കാര്‍ നിയുക്ത ക്രോസിംഗുകള്‍ ഉപയോഗിക്കുകയും എപ്പോള്‍ കടക്കാമെന്നും എപ്പോള്‍ കടക്കരുതെന്നും സൂചിപ്പിക്കുന്ന സിഗ്‌നലുകള്‍ പാലിക്കുകയും വേണം.
അഞ്ച് എംപിമാരുടെ കൂട്ടായ്മയായ സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്കാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ബ്ലോക്ക് പ്രസിഡന്റും പാര്‍ലമെന്റിന്റെ സാമ്പത്തിക, സാമ്പത്തിക കാര്യ സമിതി ചെയര്‍മാനുമായ എംപി അഹമ്മദ് അല്‍ സല്ലൂമാണ് ഈ നിര്‍ദേശത്തിന് നേതൃത്വം നല്‍കുന്നത്. എംപി മുനീര്‍ സുറൂര്‍ പോലുള്ള സ്വതന്ത്ര എംപിമാര്‍ ഉള്‍പ്പെടെ പിന്തുണ നല്‍കിയിട്ടുണ്ട്.