മനാമ: കനത്ത ചൂടില്‍ വാഹനത്തില്‍ അകപ്പെട്ട് നാല് വയസ്സുകാരന്‍ മരിച്ചു. വിദ്യാര്‍ത്ഥികളെ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന ലൈസന്‍സില്ലാത്ത വാഹനത്തിലാണ് സംഭവം. ഡെമിസ്ഥാനിലെ കിന്റര്‍ഗാര്‍ട്ടനിലെക്ക് കുട്ടികളെ കൊണ്ടുപോകുന്ന വാഹനമാണിത്. ഹസ്സന്‍ അല്‍ മഹരി എന്നാണ് കുട്ടിയുടെ പേര്.
ഹമദ് ടൗണില്‍ നടന്ന സംഭവത്തില്‍ നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റ് നിയമനടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ 40 വയസ്സുള്ള ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉറങ്ങിപ്പോയ കുട്ടി വാഹനത്തില്‍ അകപ്പെടുകയായിരുന്നു. ഡ്രൈവര്‍ വാഹനം പരിശോധിക്കാതെ ലോക്ക് ചെയ്യുകയും ചെയ്തു.
മണിക്കൂറുകള്‍ക്ക് ശേഷം കിന്റര്‍ഗാര്‍ട്ടന്‍ ജീവനക്കാര്‍ ഹസ്സനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കുട്ടിയെ തിരഞ്ഞത്. തുടര്‍ന്ന് വാഹനത്തിനുള്ളില്‍ നിന്നും അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ബിഡിഎഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.