മുഖ്യമന്ത്രിയുടെ ബഹ്റൈന്‍ സന്ദര്‍ശനം; ബഹിഷ്‌കരിക്കാനൊരുങ്ങി കെഎംസിസി

New Project - 2025-10-15T194332.480

മനാമ: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം ബഹ്റൈനില്‍ നടത്തുന്ന സന്ദര്‍ശനം തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് ബഹ്റൈന്‍ കെഎംസിസി. തൊട്ടടുത്ത മാസം നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പ്രവാസികളെ വഞ്ചിക്കാന്‍ വേണ്ടി മാത്രമാണ് ബഹ്റൈന്‍ സന്ദര്‍ശനമെന്ന് കെഎംസിസി കുറ്റപ്പെടുത്തി.

ബഹ്റൈന്‍-ഇന്ത്യ നയതന്ത്ര ബന്ധങ്ങള്‍ ദൃഢമാക്കാനുള്ള കൂടിയാലോചനകള്‍ കാര്യമായി ഒന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഭരണ നേട്ടങ്ങള്‍ എന്ന പേരില്‍ ഇതുവരെ നടപ്പാക്കാത്ത വാഗ്ദാനങ്ങള്‍ പൊതു സമൂഹത്തിന് മുമ്പില്‍ അവതരിപ്പിച്ച് പ്രവാസി സമൂഹത്തെ പറ്റിക്കാനുള്ള കുതന്ത്രം ആണ് ഇതെന്ന് സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

അതുകൊണ്ട് തന്നെ കേരളത്തിലെ യുഡിഎഫ് നേതൃത്വം കൂടിയാലോചിച്ചാണ് മുഖ്യമന്ത്രിയുടെ ബഹ്റൈനിലെ പരിപാടിയുമായി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഈ തീരുമാനത്തെ ബഹ്റൈനിലെ യുഡിഎഫ് അനുകൂല സംഘടനകള്‍ ഒറ്റക്കെട്ടായി സ്വാഗതം ചെയ്യുന്നതായി കെഎംസിസി ബഹ്റൈന്‍ പ്രസിഡന്റ് ഹബീബ് റഹ്‌മാനും ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങരയും അറിയിച്ചു.

പ്രവാസികള്‍ക്ക് വേണ്ടി പ്രഖ്യാപിക്കപ്പെട്ട പദ്ധതികളെല്ലാം വെള്ളത്തില്‍ എഴുതിയത് പോലെയാണ് പിണറായി സര്‍ക്കാരിന്റെ കാലത്ത്. ജോലി നഷ്ടപ്പെട്ട നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് വാഗ്ദാനം ചെയ്ത ആറു മാസത്തെ ശമ്പളം മലര്‍ പൊടിക്കാരന്റെ സ്വപ്നം പോലെ അവശേഷിക്കുകയാണ്. പ്രവാസികളുടെ പെന്‍ഷന്‍ 5000 രൂപ ആക്കാമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം ഇതുവരെ നടപ്പാക്കിയിട്ടില്ല.

പ്രവാസികളില്‍ നിന്നും മാസാമാസം അടച്ചതിന് ശേഷം 60 വയസ്സ് കഴിഞ്ഞാല്‍ കൊടുത്തു കൊണ്ടിരിക്കുന്ന ക്ഷേമ പെന്‍ഷന്‍ പോലും അവതാളത്തില്‍ ആയിരിക്കയാണ്. രോഗ ചികിത്സക്ക് മറ്റുമായി ഉപയോഗിക്കുന്ന ഈ പെന്‍ഷന്‍ കൃത്യമായി കിട്ടാത്ത അവസ്ഥയാണ് ഇപ്പോള്‍. നാട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന മുന്‍കാല പ്രവാസികള്‍ക്ക് ഇത് വലിയ പ്രയാസം സൃഷ്ടിക്കുകയാണ്.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തി ബിസിനസ് സംരംഭങ്ങളും കച്ചവടങ്ങളും തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉദ്യോഗസ്ഥ തലങ്ങളില്‍ നിന്ന് കൊടിയ അവഗണനയും വിവേചനവുമാണ് അനുഭവിക്കേണ്ടി വരുന്നത്. സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ പട്ടികയില്‍ നിന്നെല്ലാം ഒഴിവാക്കപ്പെടുന്ന പ്രവാസികളും കുടുംബവും കേരളം കെട്ടിപ്പടുക്കാന്‍ ചെയ്യുന്ന സേവനങ്ങള്‍ സര്‍ക്കാര്‍ ബോധപൂര്‍വം വിസ്മരിക്കുകയാണ്.

കോടിക്കണക്കിന് രൂപയുടെ വിദേശ നാണ്യം നാട്ടിലേക്ക് എത്തിക്കുന്ന പ്രവാസി മലയാളികളെ കേന്ദ്രവും കേരളവും സ്ഥിരമായി അവഗണിക്കുകയാണ്. ഇത്തരം കാര്യങ്ങളില്‍ ഒക്കെ കൊടിയ അനാസ്ഥയാണ് പിണറായി സര്‍ക്കാരിന്റേത്.
ഇതെല്ലാം മറച്ചുവെച്ച് പുതിയ വാഗ്ദനങ്ങളുമായി പ്രവാസി സമൂഹത്തെ പറ്റിക്കാനുള്ളതാണ് ഈ വരവ്.

ബഹ്റൈനില്‍ കേരള പൗബ്ലിക് സ്‌കൂള്‍ സ്ഥാപിക്കും, എന്‍ജിനീയറിങ് കോളേജ് സ്ഥാപിക്കും, കേരളത്തില്‍ ബഹ്റൈന്റെ പേരില്‍ സാംസ്‌കാരിക നിലയം സ്ഥാപിക്കും, കേരളത്തില്‍ ബഹ്റൈനികള്‍ക്ക് കുറഞ്ഞ ചിലവില്‍ ചികിത്സാ സൗകര്യമ മൊരുക്കും, ബഹ്റൈനില്‍ കേരള ക്ലിനിക് സ്ഥാപിക്കും, ബഹ്റൈന്‍ നിയമ സഹായ സെല്‍ സ്ഥാപിക്കും തുടങ്ങിയ 2017 ലെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളില്‍ ഒന്നുപോലും നടപ്പില്‍ വരുത്താതെയാണ് പുതിയ വഗ്ദാനങ്ങള്‍ നല്‍കി പ്രവാസികളെ പറ്റിക്കാന്‍ മുഖ്യമന്ത്രിയുടെ ഈ രണ്ടാം വരവ്.

കക്ഷി രാഷ്ട്രീയ ഭേദമന്യേ കോവിഡ് കാലമടക്കം സര്‍ക്കാരിന് പിന്തുണ നല്‍കിയ പ്രതിപക്ഷ കക്ഷികളെ വിശ്വാസത്തില്‍ എടുക്കാതെ തിരഞ്ഞെടുപ്പും വോട്ടും ലാക്കാക്കിയുള്ള ഈ പര്യാടനത്തെ അതേ അര്‍ത്ഥത്തില്‍ നോക്കിക്കാണാനും നിസ്സഹകരിക്കാനുമാണ് കെഎംസിസിയുടെ തീരുമാനം എന്നും കെഎംസിസി നേതാക്കള്‍ അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!