മനാമ: ബഹ്റൈന്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതു സമ്മേളനത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നുവെന്ന് ബഹ്റൈന്‍ ഒഐസിസി ദേശീയ കമ്മറ്റി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. 2017 ഫെബ്രുവരിയില്‍ ബഹ്റൈന്‍ സന്ദര്‍ശനം നടത്തിയ വേളയില്‍ രാഷ്ട്രീയ വ്യത്യാസം മറന്ന് എല്ലാ പ്രവാസികളും മുഖ്യമന്ത്രിയെ കാണാനും കേള്‍ക്കാനും എത്തിയതാണ്. എന്നാല്‍ അന്ന് നടത്തിയ ഒരു പ്രഖ്യാപനം പോലും നടപ്പാക്കാത്ത മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പുതിയ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാനാണ് പ്രവാസലോകത്തേക്ക് എത്തുന്നത് എന്നും ഒഐസിസി കുറ്റപ്പെടുത്തി.
തൊഴില്‍ നഷ്ടപെട്ടാല്‍ ആറ് മാസത്തെ ശമ്പളം താല്‍കാലിക സുരക്ഷ എന്ന നിലയില്‍ വിതരണം ചെയ്യും, പ്രായമാവര്‍ക്കും, ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സ്‌പെഷ്യല്‍ പെന്‍ഷന്‍ അനുവദിക്കും, നല്ല നിലയില്‍ ജോലി ചെയ്ത് വരുന്നവര്‍ക്ക് ജോലി നഷ്ടപെട്ടാല്‍ ജോബ് പോര്‍ട്ടല്‍ ആരംഭിച്ചുകൊണ്ട് അവരെ പുനരധിവസിപ്പിക്കും, മലയാളം പഠിപ്പിക്കുന്ന കേരള പബ്ലിക് സ്‌കൂള്‍, പോളിടെക്‌നിക്, എന്‍ജിനിയറിങ്ങ് കോളേജുകള്‍ തുടങ്ങിയവ വിദേശരാജ്യങ്ങളില്‍ ആരംഭിക്കും, ഒറ്റക്ക് താമസിച്ച് ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കും, വിദേശരാജ്യങ്ങളിലെ തൊഴിലാളികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം വലിയ തുക വാടക നല്‍കിയുള്ള താമസം- അതിന് പരിഹാരമായി കുറഞ്ഞ വാടകക്ക് താമസിക്കാന്‍ പറ്റുന്ന കുടുംബ നഗരങ്ങള്‍ എന്ന പേരില്‍ പൊതു-സ്വകാര്യ സഹകരണത്തോടെ സ്‌പെഷ്യല്‍ ടൗണ്‍ ഷിപ്പ് ആരംഭിക്കും, പ്രവാസികള്‍ നേരിടുന്ന മറ്റൊരു വലിയ വെല്ലുവിളി വിദേശ രാജ്യങ്ങളില്‍ നല്ല ചികിത്സ ലഭിക്കുന്നില്ല എന്നതാണ്, അതിനു പരിഹാരമായി ജനകീയ ക്ലിനിക്കുകള്‍ വിദേശരാജ്യങ്ങളില്‍ ആരംഭിക്കും എന്ന് തുടങ്ങി നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയാണ് മുഖ്യമന്ത്രിയുടെ അന്നത്തെ വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്.
അതിനു ശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച പ്രവാസി പെന്‍ഷന്‍ അയ്യായിരം രൂപ ആക്കും എന്നതും ജലരേഖയായി മാറി. ഇപ്പോള്‍ പ്രവാസികളെ സന്തോഷിപ്പിക്കാന്‍ വേണ്ടി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചു. ഇതില്‍ സര്‍ക്കാരിന്റെ വിഹിതം എത്ര ആണെന്നും, മറ്റ് ഇഷുറന്‍സുകള്‍ പോലെ ചേര്‍ന്ന് ഒരു വര്‍ഷക്കാലത്തിനുള്ളില്‍ ചികിത്സക്ക് പണം ഒന്നും ഉപയോഗിച്ചില്ല എങ്കില്‍ അടുത്ത വര്‍ഷങ്ങളില്‍ ആ തുക ഉപയോഗിക്കാന്‍ സാധിക്കുമോ?, ഒരു വര്‍ഷം ഇന്‍ഷുറന്‍സ് തുക ഒന്നും ഉപയോഗിച്ചില്ല എങ്കില്‍ അടുത്ത വര്‍ഷം പ്രീമിയം തുക കുറയുമോ?, പെന്‍ഷന്‍ വാങ്ങുന്ന എല്ലാ പ്രവാസികള്‍ക്കും ഈ പദ്ധതിയുടെ ഗുണം ലഭിക്കുമോ? തുടങ്ങി നിരവധി സംശയങ്ങള്‍ പ്രവാസികള്‍ക്കുണ്ട്. ഇവക്ക് എല്ലാം കൃത്യമായ മറുപടി മുഖ്യമന്ത്രിയില്‍ നിന്നും പ്രതീക്ഷിക്കുന്നതായി ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം, വര്‍ക്കിങ് പ്രസിഡന്റ് ബോബി പാറയില്‍, ജനറല്‍ സെക്രട്ടറി മനു മാത്യു എന്നിവര്‍ അഭിപ്രായപെട്ടു.