മനാമ: തൊഴില്‍ കരാര്‍ അവസാനിച്ചതിനുശേഷവും ഗാര്‍ഹിക തൊഴിലാളികള്‍ മറ്റുമേഖലയില്‍ തൊഴില്‍ എടുക്കുന്നത് തടയുന്ന പാര്‍ലമെന്റ് സമര്‍പ്പിച്ച കരട് നിയമത്തില്‍ മന്ത്രിസഭ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. 2006 ലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി നിയമത്തിലെ ആര്‍ട്ടിക്കിള്‍ (25) ഭേദഗതി ചെയ്യാനാണ് നിര്‍ദേശിച്ചത്.
അഞ്ച് പ്രധാന എതിര്‍പ്പുകള്‍ വിശദമായ ഒരു മെമ്മോറാണ്ടത്തില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചു. ഭരണഘടന, നിയമം, സാമ്പത്തികം, അന്താരാഷ്ട്ര ആശങ്കകള്‍, നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ എന്നിവയെക്കുറിച്ചാണ് മെമ്മോറാണ്ടത്തില്‍ എതിര്‍പ്പായി ഉന്നയിച്ചത്.
രാജ്യത്തെ നിലവിലെ നിയന്ത്രണങ്ങള്‍ ഗാര്‍ഹിക തൊഴിലാളികളെ അവരുടെ സാധുതയുള്ള പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ മാറുന്നതില്‍ നിന്ന് നിയന്ത്രിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ഗാര്‍ഹികേതര മേഖലകളിലേക്കുള്ള നിയമപരമായ കൈമാറ്റം അപൂര്‍വമാണെന്നും പെര്‍മിറ്റ് അല്ലെങ്കില്‍ കരാര്‍ കാലാവധി കഴിഞ്ഞതിന് ശേഷമാണ് സാധാരണയായി ഇത് സംഭവിക്കുന്നത്. ഈ ഡേറ്റയുടെ അടിസ്ഥാനത്തില്‍, വ്യക്തമായ നിയന്ത്രണ ആവശ്യകത ഉള്ളപ്പോള്‍ മാത്രമേ പുതിയ നിയമനിര്‍മ്മാണം അവതരിപ്പിക്കാവൂ എന്ന് സര്‍ക്കാര്‍ പറഞ്ഞു.
ഭരണഘടനാപരമായ അടിസ്ഥാന അവകാശങ്ങളെ, പ്രത്യേകിച്ച് തൊഴില്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെയും കരാര്‍ സ്വാതന്ത്ര്യ തത്വത്തെയും ഈ കരട് നിയമം ലംഘിക്കുമെന്ന് മെമ്മോ മുന്നറിയിപ്പ് നല്‍കി.
കരാര്‍ അവസാനിച്ചതിനുശേഷവും ഗാര്‍ഹിക തൊഴിലാളികള്‍ മറ്റ് ജോലികളിലേക്ക് മാറുന്നത് തടയുന്നത് നിര്‍ബന്ധിത തൊഴില്‍ വ്യവസ്ഥക്ക് കാരണമാകുമെന്ന മുന്നറിയിപ്പും മന്ത്രിസഭ നല്‍കി.