മനാമ: ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഫര്‍ഹാന്‍ ബിന്‍ ഷഫീല്‍ ബഹ്റൈനില്‍ നടക്കുന്ന റോട്ടാക്‌സ് മാക്‌സ് ചലഞ്ച് 2025 (ബിആര്‍എംസി) സീനിയര്‍ വിഭാഗത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. 14 വയസുകാരനായ ഫര്‍ഹാന്‍ ഇന്ത്യന്‍ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. നാഷണല്‍ കാര്‍ട്ടിംഗ് ടീമായ നോര്‍ത്ത്സ്റ്റാര്‍ റേസിംഗില്‍ പരിശീലനം നേടുകയാണ് ഈ മിടുക്കന്‍.
സ്ഥിരമായ പരിശീലനം, അച്ചടക്കം, അഭിനിവേശം എന്നിവയിലൂടെ മലയാളിയായ ഫര്‍ഹാന്‍ ബഹ്റൈനിലെ മോട്ടോര്‍സ്പോര്‍ട്സ് രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. ചെറുപ്പത്തില്‍ കാര്‍ ബ്രാന്‍ഡുകളെ കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ടാണ് ഫര്‍ഹാന്റെ മോട്ടോര്‍ സ്പോര്‍ട്സിനോടുള്ള അഭിനിവേശം ആരംഭിച്ചത്. ഷഫീല്‍ മുഹമ്മദിന്റെയും ഷറീന മുഹമ്മദിന്റെയും നാല് മക്കളില്‍ മൂത്തവനായ ഫര്‍ഹാന്‍ എടപ്പാള്‍ സ്വദേശിയാണ്.
ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ കാര്‍ട്ടിംഗ് സര്‍ക്യൂട്ടില്‍ ഒരു കാര്‍ട്ടിംഗ് സെഷനില്‍ പങ്കെടുത്തതാണ് ആദ്യത്തെ ട്രാക്ക് അനുഭവം. കാര്‍ട്ടിംഗ് അസസ്മെന്റില്‍ നടത്തിയ ശ്രദ്ധേയമായ പ്രകടനം പരിശീലകരെ ആകര്‍ഷിക്കുകയും ഫര്‍ഹാന് നോര്‍ത്ത്സ്റ്റാര്‍ റേസിംഗ് ടീമില്‍ ഇടം നേടിക്കൊടുക്കുകയും ചെയ്തു. സ്വന്തം കാര്‍ട്ട്, റേസിംഗ് ലൈസന്‍സ്, പരിശീലന ഷെഡ്യൂള്‍ എന്നിവയുമായി ഫര്‍ഹാന്‍, വരാനിരിക്കുന്ന റോട്ടാക്‌സ് മാക്‌സ് ചലഞ്ച് സീസണിനായി തയ്യാറെടുക്കുകയാണ്.
അന്താരാഷ്ട്ര വേദിയില്‍ ബഹ്റൈനെയും ഇന്ത്യയെയും പ്രതിനിധീകരിക്കാനുള്ള പ്രതീക്ഷയോടെ, മത്സര റേസിംഗില്‍ തന്റെ യാത്ര നിലനിര്‍ത്താന്‍ സ്‌പോണ്‍സര്‍ഷിപ്പും പിന്തുണയും ഫര്‍ഹാന്‍ തേടുകയാണ്. തന്റെ അവസാന സീനിയര്‍ വിഭാഗം റേസില്‍ പത്താം സ്ഥാനം നേടിയിരുന്നു. പരിചയസമ്പന്നരായ പ്രൊഫഷണലുകള്‍ക്കിടയില്‍ മത്സരിക്കുന്ന ഒരു യുവ റേസറിന് ഇത് ഒരു പ്രധാന നേട്ടമാണ്. 2025-2026 സീസണിലേക്കാണ് ഫര്‍ഹാന്‍ ഇപ്പോള്‍ മത്സരിക്കുന്നത്.
ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് അന്താരാഷ്ട്ര റേസിംഗ് സര്‍ക്യൂട്ടുകളില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയാണ് തന്റെ സ്വപ്നമെന്ന് ഫര്‍ഹാന്‍ പറഞ്ഞു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, പ്രൊജക്ട്സ് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ട്രാൻസ്‌പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, മറ്റു ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വിആർ പളനിസ്വാമി, സീനിയർ സ്‌കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ് എന്നിവർ ഫർഹാന്റെ നേട്ടത്തെ അഭിനന്ദിച്ചു.