മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ് ബഹ്‌റൈന്‍) ലേഡീസ് വിംഗിന്റെ ആഭിമുഖ്യത്തില്‍ ‘ഒരു കൈ’ എന്ന പേരില്‍ ആരംഭിച്ച ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി. വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, കളിപ്പാട്ടങ്ങള്‍ മുതലായവ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച് അര്‍ഹരായവരിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഒന്നാം ഘട്ടത്തില്‍ ശേഖരിച്ച സാധനങ്ങള്‍ ഉമ്മുല്‍ ഹസ്സം ചാരിറ്റി സൊസൈറ്റിക്ക് കൈമാറിയിരുന്നു. കെപിഎഫ് ജനറല്‍ സെക്രട്ടറി അരുണ്‍ പ്രകാശ്, വൈസ് പ്രസിഡന്റ് ഷാജി പുതുക്കൂടി, ട്രഷറര്‍ സുജിത്ത് സോമന്‍, ലേഡീസ് വിംഗ് കണ്‍വീനര്‍ സജ്‌ന ഷനൂബ്, ജോയിന്റ് കണ്‍വീനര്‍മാരായ അഞ്ജലി സുജീഷ്, ഷെറീന ഖാലിദ് എന്നിവരുടെ നേതൃത്വത്തില്‍ ലേഡീസ് വിംഗും കെപിഎഫ് എക്‌സിക്യുട്ടിവ് മെസേഴ്‌സും ചേര്‍ന്ന് രണ്ടാം ഘട്ടവും പൂര്‍ത്തിയാക്കി.
കേരളത്തിലെ യോഗ്യമായ കരങ്ങളില്‍ കെപിഎഫ് ഇത് എത്തിക്കുന്നതാണ്. സല്‍മാബാദ് അല്‍ഹിലാല്‍ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വേര്‍തിരിച്ച വസ്ത്രങ്ങള്‍ ജീന്‍സ് അവന്യു ഗുദേബിയയുടെ സഹായത്തിലാണ് നാട്ടിലേക്ക് അയക്കുന്നത്. എല്ലാവരുടെയും സപ്പോട്ടിനും പിന്തുണക്കും കെപിഎഫ് നന്ദി അറിയിച്ചു.