മനാമ: ബഹ്‌റൈൻ മുനിസിപ്പൽകാര്യ, കൃഷി, കന്നുകാലികാര്യ മന്ത്രാലയം, തലസ്ഥാന സെക്രട്ടേറിയറ്റ്, ബഹ്‌റൈൻ ക്ലീൻ-അപ്പ് അസോസിയേഷൻ എന്നിവയുമായി സഹകരിച്ച് നടത്തിവരുന്ന പരിസ്ഥിതി സംരംഭ പരിപാടിയുടെ രണ്ടാം ആഴ്ചയിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ-കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ പങ്കാളികളായി. സിത്ര പാർക്കിലും, വാക് വേയിലും നടത്തിയ ഹരിതവൽക്കരണ പരിപാടിയിലാണ് പങ്കെടുത്തത്.
സസ്യജാലങ്ങളുടെ ആവരണം വർദ്ധിപ്പിക്കുന്നതിനും, ഹരിത പ്രദേശം വികസിപ്പിക്കുന്നതിനും, ദേശീയ വൃക്ഷ പദ്ധതിയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി ഒക്ടോബർ 25ന് സിത്ര പാർക്കിൽ 150 തോളം വൃക്ഷത്തൈകൾ നട്ടു. 2035 ആകുമ്പോഴേക്കും നിലവിലുള്ള 1.8 ദശലക്ഷം മരങ്ങളിൽ നിന്ന് 3.6 ദശലക്ഷം മരങ്ങളാക്കുക എന്നതാണ് ബഹ്‌റൈൻ സർക്കാറിന്റെ ഹരിതവൽക്കരണ പദ്ധതി.









