ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക്‌ 89 റൺസ്‌ ജയം

മാഞ്ചെസ്റ്റര്‍: ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാനെ തകർത്ത് 89 റൺസ് വിജയകുതിപ്പിൽ ഇന്ത്യ. മഴ കാരണം വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. 40 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുക്കാനേ പാകിസ്താന് സാധിച്ചുള്ളൂ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 336 റൺസാണെടുത്തത്.

ലോകകപ്പ് വേദിയിൽ നേർക്കുനേരെത്തിയ ഏഴാം മൽസരത്തിലാണ് ഇന്ത്യ ജയിച്ചുകയറിയത്. ഈ ലോകകപ്പിൽ ഇന്ത്യയുടെ മൂന്നാം ജയമാണിത്. 337 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്താന് സ്‌കോര്‍ 13-ല്‍ എത്തിയപ്പോള്‍ ഇമാം ഉള്‍ ഹഖിനെ (7) നഷ്ടമായി. പേശീവലിവ് കാരണം പിന്‍മാറിയ ഭുവനേശ്വര്‍ കുമാറിന് പകരം ഓവര്‍ പൂര്‍ത്തിയാക്കാനെത്തിയ വിജയ് ശങ്കറാണ് ഇമാമിനെ പുറത്താക്കിയത്. ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ശങ്കര്‍ വിക്കറ്റ് വീഴ്ത്തി.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ക്യാപ്റ്റൻ കോലി 65 പന്തില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 77 റണ്‍സെടുത്തു. ഇന്ത്യന്‍ ടോപ്പ് ഓര്‍ഡര്‍ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തില്‍ രോഹിത് ശര്‍മയുടെ സെഞ്ചുറി പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. 85 പന്തുകളില്‍ നിന്ന് തന്റെ 24-ാം ഏകദിന സെഞ്ചുറി തികച്ച രോഹിത് 113 പന്തില്‍ നിന്ന് മൂന്നു സിക്‌സും 14 ബൗണ്ടറികളുമടക്കം 140 റണ്‍സെടുത്ത് പുറത്തായി. ഹസന്‍ അലിയുടെ പന്തില്‍ വഹാബ് റിയാസിന് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. ഈ ലോകകപ്പില്‍ രോഹിത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്.

രോഹിത് – ലോകേഷ് രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട് 23.5 ഓവറില്‍ 136 റണ്‍സ് നേടി. രോഹിത് – കോലി കൂട്ടുകെട്ട് 98 റണ്‍സ് ഇന്ത്യന്‍ സ്‌കോറിലേക്ക് ചേര്‍ത്തു. 39-ാം ഓവറില്‍ രോഹിത് പുറത്തായ ശേഷം എത്തിയ ഹാര്‍ദിക് പാണ്ഡ്യ 19 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത് പുറത്തായി. ധോനിക്ക് വെറും ഒരു റണ്ണെടുക്കാനേ സാധിച്ചുള്ളൂ.