മഹര്‍ജാന്‍ 2K25 കലോത്സവം; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

New Project

മനാമ: ബഹ്റൈനിലെ കേരളീയ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ കലാസാംസ്‌കാരിക ഉണര്‍വായി മാറുന്ന മഹര്‍ജാന്‍ 2K25 കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ”ഒന്നായ ഹൃദയങ്ങള്‍, ഒരായിരം സൃഷ്ടികള്‍” എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന കലോത്സവത്തിന് നവംബര്‍ 20, 21 തീയതികളില്‍ മുഹറഖ് കെഎംസിസി ഓഫീസും, 27, 28 തീയതികളില്‍ മനാമ കെഎംസിസി ഹാളും വേദിയാകും.

സര്‍ഗ്ഗാത്മകതയും സൗഹാര്‍ദ്ദവും സമന്വയിപ്പിക്കുന്ന മഹര്‍ജാന്‍ 2K25, പ്രവാസി വിദ്യാര്‍ത്ഥികളിലെ മികച്ച കലാപ്രതിഭകളെ കണ്ടെത്താനുള്ള വേദിയായി മാറും. വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസത്തെ കൂടുതല്‍ പ്രശോഭിതമാക്കുക എന്നതാണ് കലോത്സവം ലക്ഷ്യം വെക്കുന്നത്.

കലോത്സവത്തിന്റെ തയ്യാറെടുപ്പിനായി സംസ്ഥാന, ജില്ലാ, ഏരിയ തലങ്ങളിലായി ചര്‍ച്ചകളും സംഘാടക സമിതി രൂപീകരണവും പൂര്‍ത്തിയായി. കെഎംസിസി ബഹ്റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ മുഖ്യ രക്ഷാധികാരിയായ സംഘാടക സമിതിയില്‍ പ്രോഗ്രാം, ഫിനാന്‍സ്, മീഡിയ, റജിസ്ട്രേഷന്‍, ഫുഡ്, സോവനീര്‍, ടെക്‌നിക്കല്‍, സ്റ്റേജ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ തുടങ്ങിയ ഉപസമിതികളും രൂപീകരിച്ചിട്ടുണ്ട്.

കലോത്സവത്തോടനുബന്ധിച്ച് മത്സരങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങളും വിധി നിര്‍ണ്ണയ മാനദണ്ഡങ്ങളും ഉള്‍ക്കൊള്ളുന്ന മാനുവല്‍ സംഘാടകര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കലാസ്വാദകരെ പങ്കാളികളാക്കുന്നതിനായി, കലോത്സവാനുഭവങ്ങള്‍ പങ്കുവെക്കുന്ന ”മൈ മഹര്‍ജാന്‍” വീഡിയോ ക്യാമ്പയിന്‍ ആരംഭിക്കും. കലോത്സവത്തിന്റെ ആവേശം വിവിധ പ്രദേശങ്ങളിലെത്തിക്കാന്‍ സംസ്ഥാന സ്റ്റുഡന്റ്‌സ് വിങ് നേതാക്കളുടെ സാന്നിധ്യത്തില്‍ ഏരിയ തലത്തില്‍ ”എവൈകനിങ് കോള്‍” എന്ന പേരില്‍ മീറ്റിംഗുകള്‍ സംഘടിപ്പിച്ചു.

കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ 4 വിഭാഗങ്ങളിലായി നൂറോളം ഇനങ്ങളിലായാണ് വിദ്യാര്‍ത്ഥികള്‍ മത്സരിക്കുക. വ്യക്തിഗത ഇനങ്ങളില്‍ നവംബര്‍ 7നും ഗ്രൂപ്പ് ഇനങ്ങളില്‍ നവംബര്‍ 10 നും രജിസ്‌ട്രേഷന്‍ അവസാനിക്കും. കലോത്സവത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 33495624, 33674020 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര, സ്റ്റുഡന്റ്‌സ് വിങ് ചെയര്‍മാന്‍ ഷഹീര്‍ കാട്ടാമ്പള്ളി, കണ്‍വീനര്‍ ശറഫുദ്ധീന്‍ മാരായമംഗലം, കെഎംസിസി വൈസ് പ്രസിഡന്റ് ഏപി ഫൈസല്‍, സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ മുനീര്‍ ഒഞ്ചിയം, വര്‍ക്കിങ് കണ്‍വീനര്‍ ശിഹാബ് പൊന്നാനി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പികെ ഇസ്ഹാഖ്, മീഡിയ കമ്മിറ്റി കണ്‍വീനര്‍ ടിടി അഷ്‌റഫ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!