മനാമ: കേരള മുസ്ലിംകളില്‍ ഇന്നു കാണുന്ന ആത്മീയ ഉണര്‍വിലും മത ഭൗതിക വിദ്യാഭ്യാസ രംഗത്തുണ്ടായ മുന്നേറ്റത്തിലും സാമുദായിക സൗഹൃദത്തിലുമെല്ലാം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃപരമായ പങ്ക് നിസ്തുലമാണെന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വടശ്ശേരി ഹസന്‍ മുസ്ല്യാര്‍. ‘സമസ്ത സെന്റിനറി ആഘോഷിക്കുമ്പോള്‍’ എന്ന ശീര്‍ഷകത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഐസിഎഫ് ബഹ്‌റൈന്‍ മനാമ സുന്നി സെന്ററില്‍ സംഘടിപ്പിച്ച പ്രാസ്ഥാനിക സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുസ്ലിം കേരളത്തിന്റെ നേത്യ സുകൃതം, വിശ്വാസം, അനുഷ്ഠാനം, വിദ്യാഭ്യാസം, ആധുനികജ്ഞാനം, പ്രൊഫഷനല്‍ വിദ്യാഭ്യാസം, ആതുര സേവനം, തൊഴില്‍, രചനാത്മക രാഷ്ട്രീയം തുടങ്ങിയവയില്‍ സമുദായത്തിന് ദിശാബോധം നല്‍കിയ നേതൃ സംവിധാനമായി സമസ്ത ഇന്ന് വളര്‍ന്നിട്ടുണ്ടെന്നും ‘മനുഷ്യര്‍ക്കൊപ്പം’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സമസ്ത സെന്റിനറി പുതിയ മുന്നേറ്റങ്ങളുടെ തുടക്കമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐസിഎഫ് നാഷണല്‍ പ്രസിഡന്റ് അബൂബക്കര്‍ ലത്വീഫിയുടെ അദ്ധ്യക്ഷതയില്‍ ഇന്റര്‍ നാഷണല്‍ ഡപ്യൂട്ടി പ്രസിഡന്റ് കെസി സൈനുദ്ധീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. അഡ്വ. എംസി അബ്ദുല്‍ കരീം, അബ്ദുല്‍ ഹകീം സഖാഫി, റഫീക്ക് ലത്വീഫി വരവൂര്‍, ശമീര്‍ പന്നൂര്‍, സിയാദ് വളപട്ടണം, സുലെമാന്‍ ഹാജി എന്നിവര്‍ സംബന്ധിച്ചു.









