മനാമ: ബഹ്റൈന്‍ സെന്‍ട്രല്‍ ബാങ്കിന്റെ (സിബിബി) മേല്‍നോട്ടത്തിലുള്ള ബെനിഫിറ്റ് കമ്പനിയും, നാഷണല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) അന്താരാഷ്ട്ര വിഭാഗമായ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ്സ് ലിമിറ്റഡും നിര്‍ണായക പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചു. കാരാര്‍ അനുസരിച്ച് ബഹ്റൈനിന്റെ നിലവിലുള്ള ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സിസ്റ്റത്തെ (ഇഎഫ്ടിഎസ്) ഇന്ത്യയുടെ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസുമായി (യുപിഐ) ബന്ധിപ്പിക്കും.
ഇതോടെ ഇരു രാജ്യങ്ങളിലെയും താമസക്കാര്‍ക്ക് തല്‍ക്ഷണവും സുരക്ഷിതവും തടസ്സമില്ലാത്തതുമായ പണ കൈമാറ്റങ്ങള്‍ നടത്താന്‍ സാധിക്കും. ബഹ്റൈന്‍ സെന്‍ട്രല്‍ ബാങ്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായാണ് ഈ സംരംഭത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
ബഹ്റൈന്‍ സെന്‍ട്രല്‍ ബാങ്ക് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സിബിബി സെന്‍ട്രല്‍ ബാങ്കിംഗ് ആന്‍ഡ് മാക്രോപ്രൂഡന്‍ഷ്യല്‍ മേല്‍നോട്ടത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹെസ അബ്ദുള്ള അല്‍ സാദ, ആര്‍ബിഐയുടെ പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റങ്ങളുടെ ചീഫ് ജനറല്‍ മാനേജര്‍-ഇന്‍-ചാര്‍ജ് ഗണ്‍വീര്‍ സിങ് എന്നിവര്‍ പങ്കെടുത്തു.
ബെനിഫിറ്റ് ചീഫ് എക്സിക്യൂട്ടീവ് അബ്ദുള്‍വാഹെദ് അല്‍ ജനാഹിയും എന്‍ഐപിഎല്‍ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ റിതേഷ് ശുക്ലയും കരാര്‍ ഔദ്യോഗികമായി അംഗീകരിച്ചു.









