മനാമ: പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് ബഹ്റൈന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ആദ്യമായി പുറത്തിറക്കുന്ന പുസ്തകത്തിന്റെ ജിസിസി തല പ്രകാശനം നവംബര്‍ 8 ശനിയാഴ്ച. ബഹ്‌റൈന്‍ കേരളീയ സമാജം ബാബുരാജ് ഹാളില്‍ വച്ച് വൈകിട്ട് 8.30 മണിക്ക് കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള പ്രകാശനം നിര്‍വഹിക്കും.
ബഹ്‌റൈനില്‍ ഒരു പതിറ്റാണ്ടിലേറെ കാലമായി പ്രവാസജീവിതം നയിക്കുന്ന സുനില്‍ തോമസ് റാന്നിയുടെ ആദ്യ പുസ്തകമായ ‘ട്രാവല്‍ ഫീല്‍സ് ആന്‍ഡ് ഫീഡ്‌സാ’ണ് പ്രകാശനം ചെയ്യുന്നത്. പുസ്തകത്തിന്റെ ആദ്യ കോപ്പി സ്വീകരിക്കുന്നത് യാത്ര ഏറെ ഇഷ്ടപ്പെടുന്ന അരുള്‍ദാസ് തോമസ് ആണ്. ചരിത്രകാരനും ചലച്ചിത്രകാരനുമായ അജിത് നായരാണ് പുസ്തകം പരിചയപ്പെടുത്തുന്നത്.
ബികെഎസ് ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ഒഐസിസി പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം, മാധ്യമപ്രവര്‍ത്തകന്‍ പ്രദീപ് പുറവങ്കര, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. പ്രിയദര്‍ശിനി ബഹറിന്‍ ചാപ്റ്റര്‍ കോഡിനേറ്റര്‍ സൈദ് എംഎസ് അധ്യക്ഷത വഹിക്കും. അക്കാദമി കോഡിനേറ്റര്‍ ജീസന്‍ ജോര്‍ജ്, പത്തനംതിട്ട ജില്ലാ കോഡിനേറ്റര്‍ ബിബിന്‍ മാടത്തേത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.









