മനാമ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുവന്ന പ്രവാസികള്‍ക്കായി ‘നോര്‍ക്ക കെയര്‍’ മാതൃകയില്‍ പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിക്കാമെന്നും ഇതിനുള്ള പ്രൊപ്പോസല്‍ ഉടനെ സര്‍ക്കാരിന് സമര്‍പ്പിക്കാമെന്നും നോര്‍ക്ക റൂട്‌സ് സിഇഒ അജിത് കൊളശ്ശേരി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടനെ ഇതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ഡിസംബറില്‍ തന്നെ ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നോര്‍ക്ക കെയറിന്റെ അതേ നിബന്ധനകളും വ്യവസ്ഥകളുമാകും മടങ്ങിവന്നവരുടെ ഇന്‍ഷൂറന്‍സ് പദ്ധതിക്കും ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോര്‍ക്ക കെയര്‍ പദ്ധതിയില്‍ മടങ്ങിവന്നവരെ ഉള്‍പ്പെടുത്തണമെന്ന പ്രവാസി ലീഗല്‍ സെല്ലിന്റെ ഹര്‍ജിയില്‍ സെപ്റ്റംബര്‍ 26ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ നിര്‍ദേശപ്രകാരം പിഎല്‍സിയുമായി നടത്തിയ ഹിയറിങ്ങിലാണ് നോര്‍ക്ക റൂട്‌സ് സിഇഒ ഇക്കാര്യം പറഞ്ഞത്.
ഈ വിഷയത്തില്‍ എത്രയും വേഗം സര്‍ക്കാറുമായി കൂടിയാലോചിച്ച് നോര്‍ക്ക റൂട്ട്‌സ് ഉത്തരവ് ഇറക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരോ നോര്‍ക്ക റൂട്‌സോ വിഷയത്തില്‍ വേണ്ട താല്‍പര്യം കാണിക്കാത്തതിനെത്തുടര്‍ന്ന് പ്രവാസി ലീഗല്‍ സെല്‍ നോര്‍ക്ക പ്രത്യേക സെക്രട്ടറി ടിവി അനുപമയെ നവംബര്‍ 6ന് കണ്ട് പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ ഉടനെ നടപടി എടുക്കണം എന്ന സ്പെഷ്യല്‍ സെക്രട്ടറിയുടെ നിര്‍ദേശമാണ് മടങ്ങിവന്നവര്‍ക്ക് നോര്‍ക്ക കെയറിന്റെ മാതൃകയില്‍ പുതിയ പദ്ധതി ആകാമെന്ന നിലപാടിലേക്ക് നോര്‍ക്ക റൂട്‌സ് എത്തിയത്.
നോര്‍ക്ക റൂട്‌സ്, മഹിന്ദ്ര ഇന്‍ഷൂറന്‍സ് ബ്രോക്കേഴ്‌സ്, ന്യൂ ഇന്‍ഡ്യ അഷ്വറന്‍സ് കമ്പനി എന്നീ മൂന്ന് സ്ഥാപനങ്ങള്‍ ചേര്‍ന്നുള്ള ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് നോര്‍ക്ക കെയറിന്റെ വ്യവസ്ഥകളും നിബന്ധനകളും നിര്‍ണ്ണയിച്ചിരിക്കുന്നത്. നോര്‍ക്ക ഐഡി അല്ലങ്കില്‍ സ്റ്റുഡന്റസ് ഐഡി എന്നിവ ഉള്ളവര്‍ക്ക് മാത്രമാണ് ഈ പദ്ധതിയില്‍ അംഗത്വം എടുക്കാന്‍ കഴിയുക. മറുനാടന്‍ മലയാളികള്‍ക്കും വിദേശ മലയാളികള്‍ക്കും മാത്രമാണ് ഇതിന് കഴിയുന്നത്.
കേരളത്തിലേക്ക് മടങ്ങിവന്ന് സ്ഥിരതാമസമാക്കിയ മലയാളികള്‍ക്ക് ഇതിന് കഴിയാത്തതിനാല്‍ പദ്ധതിയുടെ ഭാഗമാകാനും സാധ്യതയില്ല. അതുകൊണ്ടാണ് കേരളത്തില്‍ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികള്‍ക്കും, നിലവില്‍ വിദേശത്ത് ഉള്ള പ്രവാസികള്‍ക്ക് ലഭിക്കുന്നതുപോലെ അതേ നിബന്ധനകള്‍, പ്രീമിയം, ആനുകൂല്യങ്ങള്‍ എന്നിവയില്‍ ചേരാന്‍ അനുമതി നല്‍കണമെന്ന് പ്രവാസി ലീഗല്‍ സെല്‍ നിര്‍വ്വഹണ ഏജന്‍സി ആയ നോര്‍ക്ക റൂട്ട്‌സിനോടും കേരള സര്‍ക്കാരിനോടും അഭ്യര്‍ത്ഥിച്ചത്. ഇതൊരു ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി ആയതിനാല്‍ പോളിസി എടുക്കുന്ന ഓരോ അംഗവും ആവശ്യമായ പ്രീമിയം അടക്കുന്നതിനാല്‍ നോര്‍ക്ക റൂട്ട്‌സിനോ സര്‍ക്കാറിനോ അധികബാധ്യത ഉണ്ടാകുന്നില്ല.
പ്രവാസി ലീഗല്‍ സെല്ലിനെ പ്രതിനിധീകരിച്ച് അഡ്വ. ആര്‍ മുരളീധരന്‍ (ജനറല്‍സെക്രട്ടറി), എംഎ ജിഹാംഗിര്‍ (വൈസ് പ്രസിഡന്റ്), റോഷന്‍ പുത്തന്‍പറമ്പില്‍ (ട്രെഷറര്‍), ഷെരിഫ് കൊട്ടാരക്കര, നന്ദഗോപകുമാര്‍ (എക്‌സിക്യൂറ്റീവ് അംഗം) എന്നിവര്‍ ഹിയറിങ്ങില്‍ പങ്കെടുത്തു.









