എബ്രഹാം ജോൺ (ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്മാന്) എഴുതുന്നു
ഒക്ടോബർ അവസാന വെള്ളിയാഴ്ച കൂടേണ്ടിയിരുന്ന വാർഷിക പൊതുയോഗം ഏകദേശം രണ്ടുമാസം വൈകി ഡിസംബർ 19ന് ചേരുന്നതായുള്ള അറിയിപ്പ് രക്ഷിതാക്കൾക്ക് ലഭിച്ചിരിക്കുന്നു. പല കാരണങ്ങളുടെ പേരിലും വാർഷിക പൊതുയോഗം വൈകിപ്പിക്കാൻ ശ്രമം നടത്തിയാലും കൂടുതൽ എതിർപ്പുകൾ അതോടൊപ്പം ബുദ്ധിമുട്ടുകളും വിളിച്ചുവരുത്തുക എന്ന വകതിരിവ് തിരിച്ചറിഞ്ഞിട്ടുണ്ടായിരിക്കണം. ഭരണസമിതി സ്കൂളിന്റെ എഴുതിവെച്ചിട്ടുള്ള ഭരണഘടനപ്രകാരം ആയിരിക്കണം.
ഉദാഹരണത്തിന് അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുള്ള അഞ്ചും ആറും ഏഴും ഇനങ്ങൾ. അഞ്ചുപ്രകാരം Ratification of Major Contracts. അതായത് വലിയ ബാധ്യതയുള്ള കരാറുകളിൽ ഒപ്പുവെച്ചതിന് രക്ഷിതാക്കളുടെ അംഗീകാരം അത്യന്താപേക്ഷിതമാണ്. ഇത് രക്ഷിതാക്കൾക്ക് നിരാകരിക്കുകയും ചെയ്യാം. ഇവിടെ ഒരു കാര്യം മനസ്സിലാക്കേണ്ടത് ഭരണസമിതിക്ക് ഒരു പൊതുയോഗം വിളിച്ചുകൂട്ടുന്നതിന് വെറും ഏഴുദിവസം മാത്രം മതി. അതിനുശേഷം ആയിരിക്കണം സ്കൂളിന് അതായത് രക്ഷിതാക്കൾക്ക് വലിയ ബാധ്യതകൾ വരുത്തുന്ന കരാറുകൾ ഒപ്പിടേണ്ടിയിരുന്നത്.
ഒപ്പിട്ട കരാറിന്റെ തുക എത്ര ആയിരമോ പതിനായിരമോ ലക്ഷമോ ആയിരുന്നുവെങ്കിൽ ആ തുക. എന്ത് കാരണത്താൽ ഒരു പൊതുയോഗം കൂടാതെ ഒപ്പിട്ടു എന്നതിന് ന്യായമായ വിശദീകരണം ആവശ്യമാണ്. അല്ലാത്തപക്ഷം കരാറുകൾ റദ്ദ് ചെയ്യണം. ഇതുപോലെ തന്നെയാണ് ആറാമത്തെ ഇനവും Capital projects review മൂലധന പദ്ധതികളുടെ അവലോകനം. ഇവിടെയും വിശദീകരണം രേഖാമൂലം രക്ഷിതാക്കളെ മുൻകൂട്ടി അറിയിക്കണം ഏതൊക്കെയാണ് മൂലധന പദ്ധതികൾ അത് വളരെ വ്യക്തമായി അതിന്റെ ചെലവുകളും ഇപ്പോഴത്തെ സ്ഥിതിയും രക്ഷിതാക്കളെ പൊതുയോഗം കൂടുന്നതിനു മുമ്പായി വിശദവിവരങ്ങൾ ഉൾപ്പെടുത്തി അറിയിക്കണം.
ഏഴാമത്തെ ഇനമായ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ. അറിയിപ്പിന്റെ കോപ്പി സഹിതം ഭരണഘടന മാറ്റത്തിനുള്ളതാണെങ്കിൽ രക്ഷിതാക്കളെ പൊതുയോഗത്തിന് ഏറ്റവും കുറഞ്ഞത് അഞ്ച് ദിവസത്തിനു മുമ്പ് രേഖാമൂലം അറിയിച്ചിരിക്കണം. മുകളിൽ പറഞ്ഞ കാര്യങ്ങൾ പാലിക്കാതെ പൊതുയോഗം കൂടുകയും തീരുമാനമെടുക്കുകയും ചെയ്താൽ ഒക്ടോബർ എട്ടിലെ ഷൂറ കൗൺസിൽ തീരുമാനപ്രകാരം എവിടെയും ചോദ്യം ചെയ്യപ്പെടാവുന്നതാണ്. ഈ നിർദേശങ്ങൾ എല്ലാം ഇന്ത്യൻ സ്കൂളിന്റെ വളർച്ചയും പുരോഗതിയും ലക്ഷ്യം വെച്ചുമാത്രമാണ്. അല്ലാത്തപക്ഷം സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണം വളരെ ദുഷ്കരമായിരിക്കും. രക്ഷിതാക്കളെപ്പോലെതന്നെ പൊതുസമൂഹവും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് മുകളിൽ വിവരിച്ചിട്ടുള്ളത്.
(അഭിപ്രായം പൂർണമായും വ്യക്തിപരം)









