മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ജൂനിയര്‍ കാമ്പസില്‍ കിന്റര്‍ഗാര്‍ട്ടന്‍ സ്‌പോര്‍ട്‌സ് ദിനമായ കളര്‍ സ്പ്ലാഷ് ആറാം സീസണ്‍ സംഘടിപ്പിച്ചു. വെള്ളിയാഴ്ച നടന്ന പരിപാടിയില്‍ 1,283 വിദ്യാര്‍ത്ഥിളും 3,000ത്തിലധികം രക്ഷിതാക്കളും റിഫയിലെ വിശാലമായ കാമ്പസ് ഗ്രൗണ്ടില്‍ ഒത്തുചേര്‍ന്നു. ആവേശകരമായ ഡ്രില്‍ ഡിസ്‌പ്ലേകളും ട്രാക്ക് ഇവന്റുകളും അവിസ്മരണീയമായിരുന്നു.
സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, വൈസ് ചെയര്‍മാനും സ്‌പോര്‍ട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസല്‍, അസി. സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹന്‍, ഫിനാന്‍സ് ഐടി അംഗമായ ബോണി ജോസഫ്, പ്രോജക്ട് മെയിന്റനന്‍സ് അംഗമായ മിഥുന്‍ മോഹന്‍, അംഗം ബിജു ജോര്‍ജ്, പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി, ജൂനിയര്‍ ക്യാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, വൈസ് പ്രിന്‍സിപ്പല്‍ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ് എന്നിവര്‍ പങ്കെടുത്തു.
ദേശീയ ഗാനത്തോടെയും ഖുര്‍ആന്‍ പാരായണത്തോടെയും ചടങ്ങ് ആരംഭിച്ചു. പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍ സ്വാഗതം പറഞ്ഞു. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ് മീറ്റ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. നിറപ്പകിട്ടാര്‍ന്ന ബലൂണുകള്‍ വാനിലുയര്‍ന്നു. സ്‌കൂള്‍ ബാന്‍ഡ് വിശിഷ്ട വ്യക്തികളെ അകമ്പടി സേവിച്ചുകൊണ്ട് നടപടിക്രമങ്ങള്‍ക്ക് ചാരുത നല്‍കി. സ്‌കൂള്‍ പ്രിഫെക്റ്റുകള്‍, കബ്ബുകള്‍, ബുള്‍ബുളുകള്‍, ബാന്‍ഡ് എന്നിവരുടെ യോജിച്ച സഹകരണത്തോടെയുള്ള മാര്‍ച്ച്-പാസ്റ്റ്, ഐക്യത്തിന്റെയും അച്ചടക്കത്തിന്റെയും അഭിമാനകരമായ നിമിഷം അടയാളപ്പെടുത്തി.
എല്‍കെജി, യുകെജി വിദ്യാര്‍ത്ഥികള്‍ നന്നായി ഏകോപിപ്പിച്ച ഡ്രില്‍ ഡിസ്പ്ലേയിലൂടെ കാണികളെ ആകര്‍ഷിച്ചു. അവരുടെ താളബോധം, ആത്മവിശ്വാസം, ഒത്തൊരുമ എന്നിവ പ്രകടമായിരുന്നു. മനോഹരമായ അവതരണം, മാതാപിതാക്കളില്‍ നിന്നും അതിഥികളില്‍ നിന്നും ആവേശകരമായ കരഘോഷം നേടി. സെക്രട്ടറി വി രാജപാണ്ഡ്യന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.
ഹുല-ഹൂപ്പര്‍മാര്‍, സ്‌കേറ്റര്‍മാര്‍, കരാട്ടെ കുരുന്നുകള്‍ എന്നിവരുടെ ആകര്‍ഷകമായ പ്രകടനങ്ങള്‍ അവരുടെ കൃത്യതയിലും ഏകോപനത്തിലും ഏവരെയും അത്ഭുതപ്പെടുത്തി. പ്രിഫെക്റ്റുകളുടെ നേതൃത്വത്തില്‍ ചിയര്‍ലീഡര്‍മാര്‍ ആവേശം വാനോളമുയര്‍ത്തി. വൈസ് ചെയര്‍മാനും സ്‌പോര്‍ട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ കായിക ദിനം സമാപിച്ചു. വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.









