മനാമ: ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷനുമായി സഹകരിച്ചുകൊണ്ട് ബ്രോസ് & ബഡ്ഡീസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച സുനില്‍ ജോര്‍ജ് മെമ്മോറിയല്‍ ട്രോഫിയില്‍ ഷഹീന്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി. നന്മ കുട്‌ള ടീമിനാണ് രണ്ടാം സ്ഥാനം. ബുസൈതീനിലെ 8 ഗ്രൗണ്ടുകളിലായാണ് ടൂര്‍ണമെന്റിന്റെ അഞ്ചാം സീസണ്‍ സംഘടിപ്പിച്ചത്. ഹലാത് സിസി, ടാര്‍ഗറ്റ് സിസി എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനക്കാരായി.
ബഹ്റൈനില്‍ വച്ച് മരണപ്പെട്ട ക്രിക്കറ്റ് താരത്തിന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ച ഈ ടൂര്‍ണമെന്റ് എന്‍ഇസിയുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്. 88 ടീമുകളെ എട്ട് ടീമുകളായി തിരിച്ചാണ് മത്സരം നടന്നത്. വിന്നേഴ്‌സ് സിസി, അമിഗോസ്, ചലഞ്ചേഴ്‌സ് ബഹ്റൈന്‍, ബാലാജി ഇലവന്‍, ബര്‍ജര്‍ ബ്ലൂ, ഗ്ലാഡിയേറ്റേഴ്‌സ്, റൈസിംഗ് ബ്ലൂ ജിതാലി എന്നീ ടീമുകള്‍ ഗ്രൂപ്പ് ചമ്പ്യന്മാരായി.
വിജയികള്‍ക്കുള്ള ട്രോഫിയും സമ്മാനങ്ങളും സിനിഷ സായ്നാഥ് (എന്‍ഇസി മാര്‍ക്കറ്റിംഗ് മാനേജര്‍), നൗഷാദ് (ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷന്‍ ഡയറക്ടര്‍), ബ്രോസ് & ബഡ്ഡീസ് ടീം ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കി. മാന്‍ ഓഫ് സീരിയസ്- ആസിഫ് അലി (ഹലാത് സിസി), ബെസ്റ്റ് ബാറ്റ്‌സ്മാന്‍- വസന്ത് (നന്മ കുട്‌ള), ബെസ്റ്റ് ബൗളര്‍- അബ്ദുല്‍ ഹമീദ് (ഹലാത് സിസി), മാന്‍ ഓഫ് ദി ഫൈനല്‍ സുഭാഷ് സരോജ് (ഷഹീന്‍ ഗ്രൂപ്പ്) എന്നിവര്‍ വ്യക്തിഗത നേട്ടങ്ങള്‍ക്ക് അര്‍ഹരായി.
1500 കളിക്കാരെ ഉള്‍പ്പെടുത്തികൊണ്ട് ബഹ്റൈനില്‍ നടത്തുന്ന ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്റാണിത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ടൂര്‍ണമെന്റിന്റെ വിജയത്തിനായി സഹകരിക്കുന്ന ബ്രോസ് & ബഡ്ഡീസ് അംഗങ്ങളെ ഉപഹാരം നല്‍കി ആദരിച്ചു. ടൂര്‍ണ്ണമെന്റില്‍ സഹകരിച്ച എന്‍ഇസി, ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷന്‍, ബിട്ടിസിഒ എന്നിവരോടും, ഗ്രൗണ്ട് നല്‍കി സഹകരിച്ച എല്ലാ ടീമുകളോടും ടൂര്‍ണമെന്റ് കമ്മറ്റി നന്ദി രേഖപ്പെടുത്തി.









